റിയാദ്: 31 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി അൽ-ഖർജ് എരിയ അഫ്ലാജ് യൂണിറ്റ് അംഗം ഷാജുദ്ദീൻ വെമ്പായത്തിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
തിരുവനന്തപുരം വെമ്പായം പെരുംകൂർ സ്വദേശിയായ ഷാജുദ്ദീൻ 31 വർഷമായി ലൈല അഫ്ലാജിലെ ഇലക്ട്രോണിക്സ് കടയിൽ ജോലി ചെയ്തുവരികയായിരുന്നു.
അഫ്ലാജിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ അധ്യക്ഷനായി. സംഘടനാരംഗത്തും പ്രവാസികളുടെ പൊതുപ്രശ്നങ്ങളിലും ഷാജുദ്ദീൻ നടത്തിയ സജീവ ഇടപെടലുകളും നിസ്വാർഥ സേവനങ്ങളും സഹപ്രവർത്തകർ പങ്കുവച്ചു.
ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട്, ഏരിയ രക്ഷാധികാരി സമിതി അംഗം സജീന്ദ്രബാബു, ഏരിയ കമ്മിറ്റി അംഗം ശ്യാംകുമാർ എന്നിവരെ കൂടാതെ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ രവീന്ദ്രൻ, കെ.ജി. സാമുവൽ, നിരവധി യൂണിറ്റ് അംഗങ്ങളും ആശംസകൾ നേർന്നു.
യൂണിറ്റിന്റെ സ്നേഹോപഹാരം സെക്രട്ടറി ഷെഫീക്ക് വള്ളികുന്നം ഷാജുദ്ദീന്‍ കൈമാറി. യൂണിറ്റ് സെക്രട്ടറി സ്വാഗതം പറഞ്ഞ യാത്രയയപ്പ് ചടങ്ങിന് ഷാജുദ്ദീൻ വെമ്പായം നന്ദി രേഖപ്പെടുത്തി.