തൃശൂർ: കൈകൂപ്പി അപേക്ഷിച്ചിട്ടും സ്കൂൾ വിദ്യാർഥിയെ ജീവനക്കാരൻ ബസിൽ കയറ്റാത്ത വടക്കാഞ്ചേരിസംഭവം വിവാദമായി കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിൽവരെ എത്തിയിട്ടും തൃശൂരിൽ സ്വകാര്യബസുകളുടെ വിദ്യാർഥിവിരുദ്ധ നിലപാട് തുടരുന്നു. ശക്തൻ സ്റ്റാൻഡിലാണ് വിദ്യാർഥികൾക്കു യാത്രാവിലക്ക് ഉണ്ടായത്.
ഇന്നലെ രാവിലെ കുട്ടനെല്ലൂർ ഭാഗത്തെ സ്കൂളുകളിലേക്കും കോളജുകളിലേക്കും പോകുന്നതിനായി നിരവധി വിദ്യാർഥികളാണു ശക്തൻ സ്റ്റാൻഡിൽ എത്തിയിരുന്നത്. എന്നാൽ ബസ് എടുക്കുന്ന സമയംവരെ ജീവനക്കാർ വിദ്യാർഥികളെ പുറത്തുതന്നെ നിർത്തുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ഉടനടി ഇടപെടുകയും വിദ്യാർഥികളെ ബസിൽ കയറ്റിവിടുകയായിരുന്നു.
അധികൃതരുടെ അനാസ്ഥയെന്ന് ആക്ഷേപം
കഴിഞ്ഞയാഴ്ച വടക്കാഞ്ചേരിയിൽ വിദ്യാർഥിയെ ബസിൽ കയറ്റാതിരുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. തുടർന്ന് മോട്ടോർ വാഹനവകുപ്പും പോലീസും ഇടപെട്ട് കർശന നടപടികൾ സ്വീകരിക്കുകയും ചെയ്തു. കേരളമൊട്ടാകെ ചർച്ചയായ ഈ സംഭവത്തിനു ദിവസങ്ങൾ പിന്നിടുന്പോഴാണ് ജില്ലാ ആസ്ഥാനത്തുതന്നെ സമാനമായ സംഭവം ആവർത്തിക്കുന്നത്. മോട്ടോർ വാഹനവകുപ്പിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നുള്ള കർശന പരിശോധനകളുടെ കുറവാണ് ഇത്തരം നിയമലംഘനങ്ങൾ തുടരാൻ ഇടയാക്കുന്നതെന്നു പൊതുജനങ്ങളും രക്ഷിതാക്കളും ആരോപിക്കുന്നു.