ന്യൂഡൽഹി: ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ചു. വെള്ളിയാഴ്ച രാത്രി വൈകി സോഷ്യൽ മീഡിയായിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് 36കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 64 ടെസ്റ്റ് മത്സരങ്ങളിൽനിന്ന് 229 വിക്കറ്റുകൾ സ്വന്തമാക്കിയ ശേഷമാണ് ഷമി ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയുന്നത്.
2025ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം ഇന്ത്യൻ ടീമിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. പരിക്കിനെത്തുടർന്ന് ഏറെക്കാലം ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്ന ഷമി പിന്നീട് ബംഗാളിനായി ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാൽ മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവിളിക്കാൻ സെലക്ടർമാർ തയാറായില്ല.
ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയുമ്പോഴും ഏകദിന, ടി20 ഫോർമാറ്റുകളിൽ തുടരുമെന്ന് താരം വ്യക്തമാക്കി. വെള്ള ജേഴ്സിയോട് വിടപറയുകയാണ് എന്നാൽ അതുമായി ബന്ധപ്പെട്ട ഓർമകളോടല്ല. ആദ്യമായി ഇന്ത്യയുടെ ടെസ്റ്റ് ജേഴ്സി അണിഞ്ഞപ്പോൾ രാജ്യത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ഒരേയൊരു സ്വപ്നം മാത്രമായിരുന്നു മനസിൽ. അതിനുശേഷമുള്ള ഓരോ വിക്കറ്റും പോരാട്ടവും പരിക്കും തിരിച്ചുവരവും എന്നെ ഓരോ പാഠങ്ങൾ പഠിപ്പിച്ചു.
ടെസ്റ്റ് ക്രിക്കറ്റ് എനിക്ക് വെറുമൊരു ഫോർമാറ്റായിരുന്നില്ല. ജീവിതത്തിലെ ഏറെ പ്രിയപ്പെട്ട അധ്യായമായിരുന്നു. ഇന്ന് നിറഞ്ഞ മനസോടെയും മനോഹരമായ ഒട്ടേറെ ഓർമകളോടെയും ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. ഈ യാത്രയിൽ ഒപ്പം നിന്ന സഹതാരങ്ങൾക്കും പരിശീലകർക്കും കുടുംബാംഗങ്ങൾക്കും നല്ല സമയത്തും മോശം സമയത്തും എന്നിൽ വിശ്വാസമർപ്പിച്ച ദശലക്ഷക്കണക്കിന്ആരാധകർക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും ഷമി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.