Business
പശ്ചിമേഷ്യൻ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമായതിനിടയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതും ആഗോള ബോണ്ട് യീൽഡുകൾ ഉയർന്ന തലത്തിൽ നീങ്ങിയതും വിദേശ ഓപ്പറേറ്റർമാരുടെ വില്പന ശക്തമാക്കി.
ലോംഗ് ടേം ചാർട്ടിൽ സെൻസെക്സിനും നിഫ്റ്റിക്കും ട്രെൻഡ്ലൈൻ സപ്പോർട്ട് നഷ്ടപ്പെട്ടാൽ മാസമധ്യം വിപണി സമ്മർദത്തിലാകും. തുടർച്ചയായ നാലാം വാരത്തിലും നഷ്ടത്തിലാണ് ഇന്ത്യൻ വിപണി. ബോംബെ സൂചിക 749 പോയിന്റും നിഫ്റ്റി 278 പോയിന്റും താഴ്ന്നു. നാലാഴ്ചകളിൽ ബിഎസ്ഇ സൂചിക 1494 പോയിന്റും എൻഎസ്ഇ 468 പോയിന്റും ഇടിഞ്ഞു.
രൂപ നേട്ടത്തിൽ
ഓഹരി സൂചിക ആടിയുലയുകയാണെങ്കിലും ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ രൂപ വീണ്ടും നേട്ടം കൈവരിച്ചുവെന്ന് മാത്രമല്ല, രണ്ട് മാസത്തെ മികച്ച നിലവാരത്തിലുമെത്തി. 95.36ൽ ഇടപാടുകൾ തുടങ്ങിയ രൂപ 94.27 വരെ കരുത്ത് കാണിച്ചു. ഡോളറിനു മുന്നിൽ 88 പൈസയുടെ നേട്ടത്തിൽ വാരാന്ത്യം 94.48ലാണ്. ഒറ്റ ആഴ്ചയിൽ രൂപയുടെ മൂല്യം ഒരു ശതമാനം വർധിച്ചു. പത്ത് ആഴ്ചളിലെ ഏറ്റവും ശക്തമായ ക്ലോസിംഗ്. ഏഷ്യൻ കറൻസികളിൽ ദക്ഷിണ കൊറിയൻ നാണയമായ വോണിനു പിന്നിൽ ഏറ്റവും മികച്ച പ്രകടനം രൂപ കാഴ്ചവച്ചു.
നിലവിൽ യുഎസ് ഡോളറിനു മുന്നിൽ 95ൽ താഴ്ന്നത് ഹ്രസ്വകാലയളവിൽ രൂപയുടെ തിളക്കം വർധിപ്പിക്കാമെങ്കിലും ദീർഘകാലയളവിലേക്ക് വീക്ഷിച്ചാൽ വീണ്ടും ദുർബലമാകാം. ഓയിൽ വില ഉയരുന്നത് രൂപയെ പിരിമുറുക്കത്തിലാക്കാം.
ഓഹരിവിപണിയിൽ വില്പന സമ്മർദം
ഓഹരി വിപണിയിലേക്ക് തിരിഞ്ഞാൽ നിഫ്റ്റിക്ക് മുൻ വാരം സൂചിപ്പിച്ച സപ്പോർട്ട് വില്പന സമ്മർദത്തിൽ നഷ്ടപ്പെട്ടു. മുൻവാരത്തിലെ 24,175ൽനിന്നും കൂടുതൽ കരുത്തിനുള്ള അവസരം ലഭിക്കാതെ ആടിയുലഞ്ഞ സൂചിക 23,919 ലെ സപ്പോർട്ട് തകർത്ത് 23,801ലേക്ക് ഇടിഞ്ഞു. വ്യാപാരാന്ത്യം സൂചിക 23,897 പോയിന്റിലാണ്.
നിഫ്റ്റിയുടെ സാങ്കേതികചലനങ്ങൾ വീക്ഷിച്ചാൽ ഈ വാരം 23,755ലെ ആദ്യ താങ്ങ് നഷ്ടപ്പെട്ടാൽ 23,614–23,286 റേഞ്ചിലേക്ക് സഞ്ചരിക്കാം. അതേസമയം, മുന്നേറാൻ ശ്രമം നടത്തിയാൽ 24,083 – 24,270 പോയിന്റിൽ പ്രതിരോധമുണ്ട്. നിഫ്റ്റിക്ക് അതിന്റെ 20, 50 ഡിഎംഎ ആയ 24,205 റേഞ്ചിനു മുകളിൽ ഇടം പിടിക്കാൻ കഴിയാഞ്ഞത് ദുർബലാവസ്ഥയ്ക്ക് ഇടയാക്കാം. എംഎസിഡി, പാരാബോളിക് എഎആർ അടക്കമുള്ള സിഗ്നലുകൾ തളർച്ചയിലേക്ക് മുഖംതിരിച്ചപ്പോൾ സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ നാലാഴ്ചകളിലെ തുടർച്ചയായ വില്പനയിൽ ഓവർസോൾഡായി. സാങ്കേതിക വശങ്ങളിലൂടെ വീക്ഷിക്കുമ്പോൾ ഒരു ടെക്നിക്കൽ ബൗൺസിന് ഇത് വഴിയൊരുക്കാമെങ്കിലും ഒരു ബുൾ റാലിക്ക് അവസരമൊരുക്കില്ല.
നിഫ്റ്റി ഫ്യൂച്ചേഴ്സ് സെപ്റ്റംബർ 24,342ൽനിന്നും വാരാന്ത്യം 24,048ലേക്ക് ഇടിഞ്ഞു. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് പിന്നിട്ട വാരം 155 ലക്ഷം കരാറുകളിൽ നിന്ന് ഒമ്പത് ശതമാനം വർധിച്ച് 168 ലക്ഷമായി. വീണ്ടും നിരക്ക് താഴ്ന്നതിനൊപ്പം ഓപ്പൺ ഇന്ററസ്റ്റ് ഉയർന്നത് വില്പനക്കാരുടെ സ്വാധീനം വ്യക്തമാക്കുന്നു.
സെൻസെക്സ് മുൻവാരത്തിലെ 77,364 പോയിന്റിൽനിന്നും തളർന്നാണ് ട്രേഡിംഗ് ആരംഭിച്ചത്. ഉയർന്ന നിലവാരമായ 77,226 ൽ നിന്നും ശക്തമായ വില്പന സമ്മർദത്തിൽ സൂചിക കഴിഞ്ഞ ലക്കം സൂചിപ്പിച്ച സപ്പോർട്ട് തകർത്ത് 76,178ലേക്ക് ഇടിഞ്ഞു. വ്യാപാരാന്ത്യം സെൻസെക്സ് 76,515 പോയിന്റിലാണ്.
ബ്ലൂചിപ്പ് ഓഹരികളിലെ വില്പന തുടർന്നാൽ സൂചിക 76,053ലേക്കു പരീക്ഷണം നടത്തും. ഈ അവസരത്തിൽ വില്പന തരംഗം അനുഭവപ്പെട്ടാൽ മാസമധ്യത്തിൽ 75,591–74,543 റേഞ്ചിലേക്കു തിരുത്തൽ സാധ്യത. പുതിയ നിക്ഷേപകർ രംഗത്തിറങ്ങിയാൽ 77,101ലെ പ്രതിരോധ മേഖലയിലേക്ക് ഉയരാമെങ്കിലും നിലവിലെ സാഹചര്യത്തിൽ 77,687 പോയിന്റിലേക്ക് ചുവടുവയ്ക്കാൻ സാധ്യത കുറവ്.
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 23,156.38 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. വിദേശ നിക്ഷേപകർ രണ്ട് ദിവസങ്ങളിലായി 7831.75 കോടി രൂപ നിക്ഷേപിച്ചു. മറ്റ് ദിവസങ്ങളിലായി അവർ 13,443.69 കോടി രൂപയുടെ വില്പനയും നടത്തി.
ക്രൂഡ് ഓയിൽ വില കുതിക്കുന്നു
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ കുതിപ്പ്. പിന്നിട്ട വാരം എണ്ണ വില ഏകദേശം ഏഴ് ശതമാനം ഉയർന്നത് ഇന്ത്യയെ സംബന്ധിച്ച് കനത്ത ആഘാതമാണ്. എണ്ണ വില ബാരലിനു 100 ഡോളറിലേക്ക് നീങ്ങുന്നു. വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് 96 ഡോളർ കടന്നു. ജൂലൈ രണ്ടാം പകുതിക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര മുന്നേറ്റമാണിത്.
ഇറക്കുമതിയെ വലിയ അളവിൽ ആശ്രയിക്കുന്നതിനാൽ ക്രൂഡ് വിലക്കയറ്റം ഇറക്കുമതി ബിൽ, രൂപയുടെ മൂല്യം, പണപ്പെരുപ്പം, കോർപറേറ്റ് മേഖലയിലെ ചെലവുകൾ എന്നിവയിലും സമ്മർദം ഉളവാക്കും. എണ്ണവിലക്കയറ്റം ഓഹരി സൂചികകളുടെ ദിശ നിർണയിക്കുന്ന പ്രധാന ഘടകമാണ്. യുഎസ്–ഇറാൻ സംഘർഷവും യുക്രെയ്ൻ–റഷ്യൻ യുദ്ധവും എണ്ണ വിതരണത്തെ ബാധിച്ചു. ആഗോള ലഭ്യതയിൽ പ്രതിദിനം ഏകദേശം 8–10 മില്യൺ ബാരലിന്റെ കുറവുണ്ടായി.
ന്യൂയോർക്കിൽ സ്വർണവില ട്രോയ് ഔൺസിനു 4,453 ഡോളറിൽ നിന്നും മുൻവാരം സൂചിപ്പിച്ച 4356 ഡോളറിലെ സപ്പോർട്ട് തകർത്ത് 4284ലേക്ക് ഇടിഞ്ഞു. ഈ അവസരത്തിൽ ഫണ്ടുകൾ നിക്ഷേപത്തിന് തിരികെ എത്തിയതോടെ നിരക്ക് 4511 ഡോളർ വരെ മുന്നേറി. വാരാന്ത്യം സ്വർണം 4427 ഡോളറിലാണ്.
Business
മുംബൈ: യുഎസ്-ഇറാൻ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് എണ്ണ വില ഉയർന്നെങ്കിലും ഇന്ത്യൻ ഓഹരിവിപണി ഇന്നലെ കുതിപ്പ് നടത്തി. പ്രധാന ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിന മുകളിലെത്തി.
സെൻസെക്സ് 889 പോയിന്റ് ഉയർന്ന് 77,655ലും നിഫ്റ്റി 265 പോയിന്റ് നേട്ടത്തിൽ 24,250ലും വ്യാപാരം പൂർത്തിയാക്കി. ഇന്നലത്തെ നേട്ടത്തോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂല്യത്തിലേക്ക് നാലു ലക്ഷം കോടി രൂപയെത്തി. ഇതോടെ ആകെ വിപണി മൂല്യം 483 ലക്ഷം കോടി രൂപയായി.
നാലു ശതമാനത്തിനു മുകളിൽ ഉയർന്ന ഹിന്ദുസ്ഥാൻ യൂണിലിവർ, ഇൻഫോസിസ് എന്നിവയാണ് സെൻസെക്സിൽ നേട്ടമുണ്ടാക്കിയതിൽ മുന്നിൽ. ട്രെന്റ്, ടാറ്റ സ്റ്റീൽ, എൽ ആൻഡ് ടി എന്നിവയും ഏകദേശം മൂന്നു ശതമാനത്തിനടുത്ത് ഉയർന്ന് നേട്ടത്തിൽ പങ്കുചേർന്നു.
ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, എച്ച്സിഎൽ ടെക്, കോട്ടക് മഹീന്ദ്ര ബാങ്ക്, എറ്റേണൽ, ആക്സിസ് ബാങ്ക് എന്നിവ ഏകദേശം ഒന്നു മുതൽ രണ്ടു ശതമാനം വരെ ഉയർന്നു. എന്നാൽ, ഒന്നാംപാദ സാന്പത്തിക ഫലങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് അദാനി പോർട്സിന്റെ ഓഹരികൾ മൂന്നു ശതമാനം ഇടിവ് രേഖപ്പെടുത്തി സൂചികയിലെ ഏറ്റവും വലിയ നഷ്ടത്തിലായി.
ഓഹരിവിപണിയുടെ ചാഞ്ചാട്ടത്തിന്റെ അളവുകോലായ ഇന്ത്യ വിക്സ് നാലു ശതമാനത്തിനു മുകളിൽ താഴ്ന്ന് 12.01ലെത്തി. നിഫ്റ്റി മിഡ്കാപ്, നിഫ്റ്റി സ്മോൾകാപ് സൂചികകളും ഉയർന്നു.
മേഖലാ സൂചികകളിൽ നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റൽ എന്നിവ 2.3 ശതമാനത്തിനു മുകലിലെത്തി. എഫ്എംസിജി, മീഡിയ, ഫാർമ, ഫിനാൻഷൽ സർവീസസ്, പ്രൈവറ്റ് ബാങ്ക്, ഹെൽത്ത്കെയർ, കണ്സ്യൂമർ ഡ്യൂറബിൾസ് എന്നിവ ഒരു ശതമാനത്തിനു മുകളിൽ നേട്ടമുണ്ടാക്കി.
നിഫ്റ്റി റിയൽറ്റി, നിഫ്റ്റി ഓട്ടോ എന്നിവ മാത്രമാണ് നഷ്ടത്തിലേക്കു പതിച്ചത്. വിപണിയുടെ പൊതുവായ ഗതി അനുകൂലമായതോടെ എൻഎസ്ഇയിൽ 2130 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 1183 എണ്ണം നഷ്ടം നേരിട്ടു. 128 ഓഹരികളുടെ വിലയിൽ മാറ്റമുണ്ടായില്ല.
Business
എഐ-സെമി കണ്ടെക്ട്ടർ പ്രതിസന്ധികളിൽ നിന്നും യുറോപ്യൻ ഓഹരി വിപണികൾ താത്കാലിക രക്ഷനേടിയെങ്കിലും പശ്ചിമേഷ്യൻ സംഘർഷാവസ്ഥ ഏഷ്യൻ മാർക്കറ്റുകളെ പിടിച്ചുലച്ചു.
ഇന്ത്യൻ ഇൻഡക്സുകൾ രണ്ട് ശതമാനം ഇടിഞ്ഞത് പ്രാദേശിക ഇടപാടുകാരെ ഞെട്ടിച്ചു. പ്രതികൂല വാർത്തകൾ ഭയന്ന് വിദേശ ഓപ്പറേറ്റർമാർ വില്പനയ്ക്ക് മുൻതൂക്കം നൽകിയത് ബ്ലൂചിപ്പ് ഓഹരികളുടെ തിളക്കം കുറച്ചു. സെൻസെക്സ് 2092 പോയിന്റും നിഫ്റ്റി സൂചിക 567 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
മധ്യപൂർവേഷ്യൻ സംഘർഷം രൂക്ഷമായതോടെ രാജ്യാന്തര ക്രൂഡ് ഓയിൽ വില ചൂടുപിടിച്ചു. എണ്ണ ഇറക്കുമതി രാജ്യങ്ങളുടെ വളർച്ചയെ ഇത് പിന്നാക്കം വലിക്കും. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 100 ഡോളറിലേക്ക് അടുത്തു. ഇന്ത്യ പോലുള്ള ഇറക്കുമതി രാജ്യങ്ങളിൽ ഇതു പണപ്പെരുപ്പത്തിനും വ്യാപാരക്കമ്മിക്കും ഇടയാക്കുമെന്ന ആശങ്ക വിപണിയെ ബാധിച്ചു.
മുൻ വാരം സൂചന നൽകിയതാണ് 88 ഡോളറിൽ നിലകൊണ്ട എണ്ണ വില നൂറിലേക്ക് ഉയരുമെന്നത്. മധ്യപൂർവേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകുന്നതിനാൽ ക്രൂഡ് 114 – 120 ഡോളർ വരെ സഞ്ചരിക്കാം.
എണ്ണ വില ഓരോ ഡോളർ ഉയരുമ്പോഴും മറുവശത്തു രൂപയുടെ മൂല്യത്തിൽ ഇടിവ് സംഭവിക്കുന്നത് രാജ്യത്തിന്റെ സമ്പദ്ഘടനയെ ബാധിക്കും. വിദേശ ധനകാര്യസ്ഥാപനങ്ങൾ ഓഹരികൾ വിറ്റഴിക്കുകയാണ്. ആഭ്യന്തര മ്യൂചൽ ഫണ്ടുകൾ വാങ്ങലുകാരാണെങ്കിലും അവർക്ക് വിപണിയിലെ തകർച്ചയെ തടയാനായില്ല.
വിദേശ ഓപ്പറേറ്റർമാർ മുൻ വാരങ്ങളിലെ പോലെ തന്നെ ഹെവിവെയിറ്റ് ഓഹരികളിൽ വില്പനയ്ക്ക് തിടുക്കം പ്രകടിപ്പിച്ചു, മൊത്തം 8832.27 കോടി രൂപയുടെ ഓഹരികൾ വിറ്റു. രണ്ട് ദിവസങ്ങളിലായി അവർ 1650.14 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര ഫണ്ടുകൾ വാങ്ങലുകാരായി 9712.72 കോടി രൂപ നിക്ഷേപിച്ചതിനിടയിൽ 1075.14 കോടിയുടെ വില്പനയും നടത്തി.
ഫോറെക്സ് മാർക്കറ്റിൽ രൂപയ്ക്ക് വീണ്ടും തിരിച്ചടി. രൂപയുടെ മൂല്യം 96.26ൽനിന്നും 96.14ലേക്ക് കരുത്ത് കാണിച്ചെങ്കിലും അധികനേരം ഈ റേഞ്ചിൽ പിടിച്ചു നിൽക്കാനായില്ല. ഇതോടെ വാരത്തിന്റെ രണ്ടാം പകുതിയിൽ രൂപ 96.57ലേക്ക് ദുർബലമായ ശേഷം ക്ലോസിംഗിൽ 96.55ലാണ്.
ആഗോള സാമ്പത്തിക രംഗം ഉറ്റു നോക്കുന്നത് ഈ വാരം നടക്കുന്ന മൂന്ന് കേന്ദ്ര ബാങ്ക് യോഗങ്ങളെയാണ്. വാരമധ്യം യുഎസ് ഫെഡ് റിസർവ് യോഗം ചേരും. വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ടും വാരാന്ത്യ ദിനം ബാങ്ക് ഓഫ് ജപ്പാനും വ്യത്യസ്ത യോഗങ്ങളിൽ പലിശ നിരക്കുകളിൽ ഭേദഗതികൾക്കു മുതിരാം.
ആഗോള ക്രൂഡ് ഓയിൽ വില ഉയരുന്ന സാഹചര്യത്തിൽ പലിശ നിരക്കുകളിൽ മാറ്റത്തിനു ബാങ്കുകൾ നിർബന്ധിരാകും. എന്നാൽ, തിരക്കിട്ട് അത്തരമൊരു തീരുമാനം ഈ വാരത്തിൽ കൈക്കൊള്ളാൻ ഇടയില്ല. അതേസമയം, എണ്ണ വില വർധനയും പണപ്പെരുപ്പ സാധ്യതയും കണക്കിലെടുത്ത് സെപ്റ്റംബർ യോഗത്തിൽ നിരക്ക് ഉയർത്താം.
ക്രൂഡ് ഇറക്കുമതി കമ്പനികളുടെ ചെലവ് ഉയരുമെന്നത് പെട്രോളിയം വില വർധനവിന് ഇടയാക്കും. ചരക്ക് ഗതാഗത ചെലവ് വർധിച്ചാൽ ഉത്പാദനച്ചെലവും കയറും. ഇന്ത്യ ഉത്സവ സീസണിന് ഒരുങ്ങുന്നതിനാൽ ഒക്ടോബർ വരെ കരുതൽ ധനം വിപണിയിൽ ഇറക്കി രൂപയ്ക്ക് സംരക്ഷണം നൽക്കാൻ റിസർവ് ബാങ്ക് ശ്രമം നടത്താം.
നിഫ്റ്റി ബുള്ളിഷ് മനോഭാവത്തിൽ ഇടപാടുകൾ പുനരാരംഭിച്ചതെങ്കിലും തൊട്ട് മുൻ വാരം യുഎസ്- യൂറോപ്യൻ വിപണികൾ സെമി കണ്ടെക്ടർ വിഷയത്തിൽ ആടിയുലഞ്ഞ അവസരത്തിലും നേട്ടം നിലനിർത്താൻ ഇന്ത്യൻ മാർക്കറ്റിനു കഴിഞ്ഞു. എന്നാൽ, വാരാരംഭത്തിൽ ഇറാനിൽ അമേരിക്ക നടത്തിയ ശക്തമായ ആക്രമണങ്ങൾ ആഗോള ക്രൂഡ് ഓയിൽ വില ഉയർത്തിയത് ഇന്ത്യൻ മാർക്കറ്റിനെ പിടിച്ചുലച്ചു.
നിഫ്റ്റി സൂചിക 24,334 പോയിന്റിൽ നിന്നും കടുത്ത സമ്മർദത്തിൽ അകപ്പെട്ട് ഒരു വേള 23,604ലേക്ക് ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 23,767 പോയിന്റിലാണ്. ഈവാരം വിപണിയുടെ താങ്ങ് 23,497- 23,228 പോയിന്റിലാണ്. അതേസമയം, തിരിച്ചുവരവിനു നീക്കം നടന്നാൽ നിഫ്റ്റിക്ക് 24,145 – 24,524 റേഞ്ചിൽ പ്രതിരോധം തലയുയർത്താം. ഡെയ്ലി ചാർട്ടിൽ വിപണിയുടെ സാങ്കേതിക വശങ്ങൾ പലതും സെല്ലർമാർക്ക് അനുകൂലമായ സാഹചര്യത്തിൽ ബാധ്യതകൾ കുറയ്ക്കാൻ ഒരു വിഭാഗം നീക്കം നടത്താം.
നിഫ്റ്റി ഓഗസ്റ്റ് സീരീസിന് 24,000ലെ താങ്ങ് നഷ്ടപ്പെട്ട് വാരാവസാനം 23,875ലാണ്. ഓഗസ്റ്റ് ഫ്യൂച്ചറിലെ ഓപ്പൺ ഇന്ററസ്റ്റ് തൊട്ട് മുൻവാരത്തെ അപേക്ഷിച്ച് ഏകദേശം നാല് ഇരട്ടി വർധിച്ച് 81.9 ലക്ഷം കരാറുകളായി. ഈവാരം 23,700ലെ താങ്ങ് നിലനിർത്തി തിരിച്ചുവരവിനു ശ്രമം നടത്താമെങ്കിലും ഓപ്പൺ ഇന്ററസ്റ്റിലെ വർധന കണക്കിലെടുത്താൽ 23,300 റേഞ്ചിലേക്ക് തിരിയാൻ ഇടയുണ്ട്.
സെൻസെക്സിനു മുൻ വാരം സൂചിപ്പിച്ച സപ്പോർട്ട് വില്പന സമ്മർദത്തിൽ തകർന്നു. 78,151 പോയിന്റിൽ വ്യാപാരത്തിനു തുടക്കംകുറിച്ചെങ്കിലും കരുത്ത് നിലനിർത്താനാവാതെ വെള്ളിയാഴ്ച 75,487ലേക്ക് ഇടിഞ്ഞു. എന്നാൽ, വ്യാപാരാന്ത്യം സൂചിക അല്പം കരുത്ത് തിരിച്ചുപിടിച്ച് 76,059 പോയിന്റിലാണ്.
ഡെയ്ലി ചാർട്ടിൽ വിലയിരുത്തിയാൽ സൂചികയ്ക്ക് 77,297 – 78,536 റേഞ്ചിൽ പ്രതിരോധമുണ്ട്. തിരുത്തൽ തുടർന്നാൽ 75,153 പോയിന്റിലേക്കും തുടർന്ന് 74,248ലേക്കും തളരാം.
രാജ്യാന്തര സ്വർണ വില ട്രോയ് ഔൺസിന് 4018 ഡോളറിൽ നിന്നും 3985ലേക്ക് താഴ്ന്ന ശേഷമുള്ള തിരിച്ചുവരവിൽ 4165ലേക്ക് ഉയർന്നു. വ്യാപാരാന്ത്യം മഞ്ഞലോഹം 4052 ഡോളറിലാണ്.
Business
മുംബൈ: പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങളെത്തുടർന്നുള്ള ക്രൂഡ് ഓയിൽ വിലക്കയറ്റവും അമേരിക്കൻ വ്യാപാര താരിഫുകളെക്കുറിച്ചുള്ള പുതിയ ആശങ്കകളും കാരണം പ്രതിസന്ധിയിലായി രാജ്യത്തെ ഓഹരിവിപണികൾ.
പ്രമുഖ സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെയും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചതോടെ വിപണിയിലെ തകർച്ച തുടർച്ചയായ അഞ്ചാം ദിനത്തിലേക്കു നീണ്ടു.
വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിച്ചതും മുൻനിര ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിലുണ്ടായ വില്പനസമ്മർദവും വിപണിയിലെ നിക്ഷേപക അന്തരീക്ഷത്തെ കൂടുതൽ ദോഷകരമായി ബാധിച്ചു.
30 ഓഹരികൾ ഉൾപ്പെടുന്ന ബിഎസ്ഇ സെൻസെക്സ് 331.62 പോയിന്റ് (0.43 ശതമാനം) ഇടിഞ്ഞ് 76,059.77 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തിൽ സെൻസെക്സ് 916.96 പോയിന്റ് വരെ താഴ്ന്ന് 75,474.43 എന്ന നിലയിലെത്തിയിരുന്നു. 50 ഓഹരികൾ ഉൾപ്പെടുന്ന എൻഎസ്ഇ നിഫ്റ്റി 102.15 പോയിന്റ് (0.43 ശതമാനം) താഴ്ന്ന് 23,767.45ലുമെത്തി.
മറ്റ് ഏഷ്യൻ വിപണികളിലുണ്ടായ തകർച്ചയും ഇന്ത്യൻ വിപണിയെ ബാധിച്ചു. വ്യാഴാഴ്ച മാത്രം 2,999.23 കോടി രൂപയുടെ ഓഹരികളാണ് വിദേശ സ്ഥാപന നിക്ഷേപകർ വിറ്റഴിച്ചത്.
Business
പ്രതികൂല വാർത്തകൾ വിപണിയെ പിടിച്ചുലച്ചതിനാൽ തുടർച്ചയായ അഞ്ചാം വാരം കരുത്ത് നിലനിർത്താനുള്ള സെൻസെക്സിന്റെയും നിഫ്റ്റിയുടെയും ശ്രമം വിജയിച്ചില്ല.
യുഎസ്‐ ഇറാൻ സംഘർഷം മൂർച്ഛിക്കുമെന്ന ഭീതിയിൽ ഫണ്ടുകൾ ലാഭമെടുപ്പിനു തിടുക്കം കാണിച്ചു. ഇറാൻ വീണ്ടും ഹോർമുസ് അടച്ചത് സംഘർഷാവസ്ഥ രൂക്ഷമാക്കാം. ബോംബെ സെൻസെക്സ് 195 പോയിന്റും നിഫ്റ്റി 64 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
നിലവിലെ സാങ്കേതിക തിരുത്തൽ പുതിയ നിക്ഷേപങ്ങൾക്ക് ഒരു വിഭാഗം അവസരമാക്കുന്നു. ജൂണിലെ താഴ്ചയിൽ നിന്നും ശക്തമായ തിരിച്ചുവരവ് നിഫ്റ്റി കാഴ്ചവച്ചെങ്കിലും ജനുവരിയിലെ 26,373 റിക്കാർഡിൽനിന്ന് ഇപ്പോഴും എട്ട് ശതമാനം തളർച്ചയിലാണ്. ജൂണിലെ 23,600ൽനിന്ന് ഏകദേശം അഞ്ച് ശതമാനം കയറി.അതേസമയം, ഏപ്രിലിലെ തകർച്ചയായ 22,182ൽനിന്നുള്ള തിരിച്ചുവരവ് ശക്തമെങ്കിലും നടപ്പ് വർഷത്തെ മൊത്തം പ്രകടനം വിലയിരുത്തിയാൽ തിളക്കം കുറവാണ്.
കോർപറേറ്റ് മേഖലയിൽനിന്നുള്ള ഒന്നാം പാദ പ്രവർത്തന ഫലങ്ങൾ, വിദേശ ഫണ്ടുകളുടെ നിക്ഷേപ മനോഭാവവും പശ്ചിമേഷ്യയിലെ സ്ഥിതിയും വരും ദിവസങ്ങളിൽ വ്യക്തമായ ദിശ നിർണയിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കാം.
യുഎഇയിലും ഖത്തറിലും ഉയർന്ന വെടിയൊച്ച ഇന്ന് ഏഷ്യൻ മാർക്കറ്റുകളെ ഓപ്പണിംഗ് വേളയിൽ സമ്മർദത്തിലാക്കാം. ഇന്ത്യൻ കപ്പലിനു നേരേയും ഞായറാഴ്ച ആക്രമണമുണ്ടായത് ക്രൂഡ് ഓയിൽ വിലയിലും രൂപയിൽ പിരിമുറുക്കം സൃഷ്ടിക്കാം. ഇറാൻ നാവിക സേന ഹോർമൂസ് പൂർണമായി അടച്ചത് ഏഷ്യൻ രാജ്യങ്ങളെ പ്രതിസന്ധിലാക്കാം.
ബ്രെന്റ് ക്രൂഡ് ബാരലിന് 72.10 ഡോളറിൽ നിന്നും മുൻവാരം സൂചന നൽകിയ 80 ഡോളറിലേക്ക് കയറിയ ശേഷം വാരാന്ത്യം 76 ഡോളറിലാണ്. പുതിയ സംഭവ വികാസങ്ങൾ കണക്കിലെടുത്തൽ നിരക്ക് 86 ഡോളർ വരെ കയറാം. മധ്യപൂർവേഷ്യയിലെ സമാധന അന്തരീക്ഷം മാറിയതോടെ വിപണിയുടെ സാങ്കേതിക വശങ്ങളിലും മാറ്റമുണ്ടായി. ആ നിലയ്ക്ക് 96-100 ഡോളർ അകലെയല്ല.
വിദേശ ഓപ്പറേറ്റർമാർ വാങ്ങൽ പക്ഷത്ത് തിരിച്ചെത്തിയത് പ്രാദേശിക ഇടപാടുകാർക്ക് ആത്മവിശ്വാസം പകരും. വിദേശ ഫണ്ടുകൾ 532.86 കോടി രൂപയുടെ ഓഹരി വില്പനയും 5202.74 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര ഫണ്ടുകൾ 383.43 കോടി രൂപയുടെ വില്പനയും 8659.05 കോടി രൂപയുടെ വാങ്ങലിനും തയാറായി.
വിദേശ ഫണ്ടുകളുടെ സാന്നിധ്യം വിപണിക്ക് അനുകൂല ഘടകമെങ്കിലും കോർപറേറ്റ് മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ വരുന്ന സന്ദർഭമായതിനാൽ ഇടപാടുകാർ കൂടുതൽ ജാഗ്രത പാലിക്കുന്നത് അഭികാമ്യം. രൂപയുടെ മൂല്യം 95.20ൽനിന്നും 94.94ലേക്ക് ശക്തിപ്രാപിച്ചെങ്കിലും പിന്നീട് 95.61 ദുർബലമായി, ക്ലോസിംഗിൽ നിരക്ക് 95.37ലാണ്.
നിഫ്റ്റിയിലെ ബുള്ളിഷ് മനോഭാവം ആഭ്യന്തര - വിദേശ ഓപ്പറേറ്റർമാരെ വാരാരംഭത്തിൽ ആകർഷിച്ചു. 24,270 പോയിന്റിൽനിന്നും 24,527 വരെ ഉയർന്ന വേളയിലെ വില്പന സമ്മർദം സൂചികയെ പിന്നീട് 23,819ലേക്ക് തളർത്തി. കഴിഞ്ഞ രണ്ടാഴ്ചകളിൽ വ്യക്തമാക്കിയ 23,816ലെ സപ്പോർട്ട് നിഫ്റ്റി നിലനിർത്തിയത് ഫണ്ടുകളെ ആകർഷിച്ചു. വ്യാപാരാന്ത്യം നിഫ്റ്റി 24,206ലാണ്. ഈ വാരം താങ്ങ് 23,841 – 23,476 പോയിന്റിലാണ്. അനുകൂല വാർത്തകൾക്ക് സൂചികയെ 24,549ലേക്ക് ഉയർത്താനാകും. പുതിയ ബയർമാരെത്തിയാൽ 24,892നെ ഉറ്റുനോക്കാം.
ജൂലൈ സീരീസ് 24,353ൽനിന്നും 24,242ലേക്ക് താഴ്ന്നു. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 171 ലക്ഷം കരാറുകളിൽ നിന്നും രണ്ട് ശതമാനം കുറഞ്ഞ് 168 ലക്ഷമായി. ലോംഗ് കവറിംഗായി ഇതിനെ വിലയിരുത്താമെങ്കിലും വിപണി ബുള്ളിഷ് മൂഡിൽ തന്നെയാണ്.
സെൻസെക്സ് 77,764 പോയിന്റിൽ നിന്നും 78,660ലേക്ക് ഉയർന്ന ശേഷം 76,259ലേക്ക് താഴ്ന്നെങ്കിലും ക്ലോസിംഗിൽ 77,569 പോയിന്റിലാണ്. ഡെയ്ലി ചാർട്ടിൽ ബുള്ളിഷായതിനാൽ 78,733 – 79,897 ലെ പ്രതിരോധ മേഖലയിലേക്ക് സഞ്ചരിക്കാം. ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് ഇറങ്ങിയാൽ 76,332 – 75,095ൽ സപ്പോർട്ടുണ്ട്.
ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 4174 ഡോളറിൽ നിന്നും 4024ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 4120 ഡോളറിലാണ്. റിക്കാർഡായ 5424 ഡോളറിൽ ഉടലെടുത്ത വില്പന സമ്മർദത്തിൽ വില ഇതിനകം ഔൺസിന് 1304 ഡോളർ ഇടിഞ്ഞു. വിപണിയുടെ ചരിത്രത്തിൽ ആദ്യമാണ് റിക്കാർഡ് തലത്തിൽ നിന്നും വില ഇത്ര അധികം ഇടിയുന്നത്.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ തുടരുന്ന പിന്മാറ്റവും ആഗോള വിപണിയിലെ അനിശ്ചിതത്വവും കാരണം യുഎസ് ഡോളറിനെതിരേ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ. ഇന്നലെ വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ 92 എന്ന മൂല്യത്തിലെത്തിയ രൂപ അവസാനം ചെറിയൊരു ഉയർച്ചയിൽ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമായ 91.88ൽ വ്യാപാരം പൂർത്തിയാക്കി.
തുടക്കത്തിലുണ്ടായ നേട്ടങ്ങൾ കൈവിട്ട രൂപ വ്യാപാരത്തിനിടെ 91.99 എന്ന നിരക്കിലേക്ക് താഴുകയും ചെയ്തതായി ഫോറെക്സ് വ്യാപാരികൾ പറഞ്ഞു. ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ തുടരുന്ന വിറ്റഴിക്കലും ആഭ്യന്തര ഓഹരി സൂചികകൾ വീണ്ടും നഷ്ടത്തിലാതും ഇന്നലെ രൂപയെ ബാധിച്ചു. കൂടാതെ അസംസ്കൃത എണ്ണവിലയിലുണ്ടായ വർധനയും യുഎസ് ട്രഷറി യീൽഡുകൾ വർധിക്കുന്നതും നിക്ഷേപകരെ ഡോളറിലേക്ക് ആകർഷിച്ചു.
2025ൽ 5 ശതമാനം ഇടിവാണ് രൂപ നേരിട്ടത്. ഈ ആഴ്ച 1.18 ശതമാനവും 2026 ജനുവരിയിൽ മാത്രം രൂപയുടെ മൂല്യത്തിൽ 2.3 ശതമാനത്തിന്റെ ഇടിവുണ്ടായി.
ഓഹരിവിപണിയിലെ നഷ്ടം
വ്യാഴാഴ്ച നേട്ടമുണ്ടാക്കിയ ഇന്ത്യൻ ഓഹരിവിപണി ഇന്നലെ വീണ്ടും കൂപ്പുകുത്തി. 30 ഓഹരികളുടെ സെൻസെക്സ് 779 പോയിന്റ് (0.94%) ഇടിഞ്ഞ് 81538ലും 50 ഓഹരികളുടെ നിഫ്റ്റി 241 പോയിന്റ് (0.95%) നഷ്ടത്തിൽ 25,049ലും വ്യാപാരം പൂർത്തിയാക്കി. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ തുടരുന്ന അനിശ്ചിതത്വവും വിദേശ നിക്ഷേപകരുടെ ഇന്ത്യൻ ഓഹരി വിറ്റഴിക്കലും വിപണിയുടെ പ്രകടനത്തെ സ്വാധീനിച്ചു.
ഇതിനെത്തുടർന്ന് ഈ ആഴ്ച നിഫ്റ്റി സൂചികയിൽ 2.5 ശതമാനം താഴ്ചയുണ്ടായി. കഴിഞ്ഞ നാലു മാസത്തിനിടെയിലെ ഏറ്റവും മോശം പ്രകടനമാണിത്. സെൻസെക്സിന് ഈ ആഴ്ച 2.4 ശതമാനത്തോളം ഇടിവുണ്ടായി.
നിക്ഷേപകരുടെ സന്പത്തിൽ ഇന്നലെ മാത്രം 6 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണിമൂല്യം 458.5 ലക്ഷം കോടി രൂപയിൽ നിന്ന് 452 ലക്ഷം കോടി രൂപയായി താഴ്ന്നു. ഈ ആഴ്ച ഏകദേശം 16 ലക്ഷം കോടി രൂപയുടെ വൻ ഇടിവാണ് കന്പനികളുടെ വിപണി മൂലധനത്തിലുണ്ടായിരിക്കുന്നത്. ജനുവരിയിൽ ഏകദേശം 350 കോടി ഡോളറിന്റെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റഴിച്ചത്.
കൈക്കൂലി ആരോപണങ്ങളുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും ഗ്രൂപ്പ് എക്സിക്യൂട്ടിവ് സാഗർ അദാനിക്കുമെതിരേ സമൻസ് അയയ്ക്കാൻ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ കോടതിയോട് അനുമതി തേടിയ വാർത്തയും വിപണിക്കു പ്രതികൂലമായി. അദാനി ഗ്രൂപ്പ് കന്പനികളുടെ ഓഹരികൾ 3.4 ശതമാനം മുതൽ 14.5 ശതമാനം വരെ ഇടിഞ്ഞു.