പ്രതീകാത്മക ചിത്രം
മുംബൈ: ഇന്ത്യൻ ഓഹരിവിപണി ഇന്നലെ ശക്തമായ തിരിച്ചുവരവ് നടത്തി. തുടക്കത്തിലുണ്ടായ നഷ്ടത്തിനുശേഷം സെൻസെക്സും നിഫ്റ്റിയും ഏകദേശം 2 % ഉയർന്നു.
നിക്ഷേപകരുടെ വൻ തുക ചോർത്തിയ തുടർച്ചയായ നാല് ദിവസത്തെ ഇടിവിനാണ് ഇതോടെ വിപണി വിരാമമിട്ടത്. ദിവസത്തെ താഴ്ന്ന നിരക്കായ 72,515ൽ നിന്ന് ഏകദേശം 1,100 പോയിന്റ് വീണ്ടെടുത്ത സെൻസെക്സ് 482 പോയിന്റ് ഉയർന്ന് 73,607ൽ വ്യാപാരം അവസാനിപ്പിച്ചു.
വ്യാപാരത്തിന്റെ തുടക്കത്തിൽ 22,400ന് താഴേക്ക് പതിച്ച നിഫ്റ്റി, 150ലധികം പോയിന്റുകൾ നേടി 22,750 ലെവലിന് മുകളിലാണ് ക്ലോസ് ചെയ്തത്.
വെള്ളിയാഴ്ചയുണ്ടായ കടുത്ത ഇടിവിനുശേഷം വിശാലമായ വിപണികളും ആശ്വാസം കണ്ടു. നിഫ്റ്റി മിഡ്ക്യാപ് 100, നിഫ്റ്റി സ്മോൾക്യാപ് 100 സൂചികകൾ 1 ശതമാനത്തിലധികം വീതം ഉയർന്നു. എന്നിരുന്നാലും, വിപണിയിലെ ചാഞ്ചാട്ടം വ്യക്തമാക്കുന്ന ഇന്ത്യ വിക്സ് ഏകദേശം 2% ഉയർന്ന് 17.14ൽ എത്തി.
ദലാൽ സ്ട്രീറ്റിന്റെ ഭാവി എന്താണ്?
കഴിഞ്ഞ ആഴ്ചയിലെ കനത്ത ഇടിവിനുശേഷമുള്ള ഇന്നലത്തെ നേട്ടം ദലാൽ സ്ട്രീറ്റിലെ നിക്ഷേപകർക്ക് ഏറെ ആശ്വാസം നൽകുന്നുണ്ടെങ്കിലും ജാഗ്രത പാലിക്കാനാണ് വിദഗ്ധരുടെ നിർദേശം. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 115 ഡോളറിന് താഴേക്ക് അല്പം കുറഞ്ഞെങ്കിലും, നിലവിലെ വില ഇപ്പോഴും വളരെ ഉയർന്നതാണ്.
അതിനാൽതന്നെ കഴിഞ്ഞ വെള്ളിയാഴ്ച നിഫ്റ്റി തൊട്ട 22,600 എന്ന താഴ്ന്ന നിരക്കിൽ നിന്നുള്ള ഏത് മുന്നേറ്റത്തെയും ഇത് തടയാൻ സാധ്യതയുണ്ടെന്ന് ജിയോജിത് ഇൻവെസ്റ്റ്മെന്റ്സിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാർ പറഞ്ഞു. എന്നിരുന്നാലും, ഹ്രസ്വകാലത്തേക്ക് നിക്ഷേപകർ ഇൻഡെക്സ് നിരക്കുകളെക്കുറിച്ച് വ്യാകുലപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഐ വ്യാപാരത്തിലുണ്ടായ മന്ദത ഇന്ത്യക്ക് അനുകൂലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഇതുവരെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ വിറ്റഴിക്കൽ കാരണം ദക്ഷിണ കൊറിയയിൽനിന്നും തായ്വാനിൽനിന്നും പുറത്തുപോയ മൂലധനം ഇന്ത്യയിൽ നിന്ന് പുറത്തുപോയതിനേക്കാൾ കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് വളരെ പ്രധാനപ്പെട്ട ഒരു പ്രവണതയാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
Tags : ShareMarket Shock NSE BSE Nifty Sensex Business