Kerala
നെടുങ്കണ്ടം: ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടലിലാണ് പച്ചടി തോട്ടുവാക്കട. അമ്മയെയും മകനെയും കൊന്നു കുഴിച്ചുമൂടി എന്ന വാര്ത്ത ഇന്നലെ പുലര്ച്ചെയാണ് നാട്ടുകാര് അറിഞ്ഞത്.
പുറംലോകവുമായി അധികം ബന്ധമില്ലാത്ത കുടുംബമായിരുന്നു തോട്ടുവാക്കട പൊന്നുട്ടയില് മേരിക്കുട്ടിയുടേത്. മേരിക്കുട്ടിയുടെയും മൂത്തമകന് റെജിയുടെയും അഴുകിയ മൃതദേഹങ്ങളാണ് ഇവരുടെ വീടിനു സമീപത്തെ പട്ടിക്കൂടിന് പിന്നില് കുഴിച്ചിട്ട നിലയില് കണ്ടെത്തിയത്. മൃതദേഹങ്ങള്ക്ക് 15 ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.
കൊലപാതകത്തിന് പിന്നില് മേരിക്കുട്ടിയുടെ ഇളയ മകന് സജിയാണെന്ന് പോലീസ് സംശയിക്കുന്നു. പോലീസ് എത്തിയതോടെ ഇയാള് ഓടി രക്ഷപെടുകയായിരുന്നു. ഇവരെ കൂടാതെ മേരിക്കുട്ടിക്ക് രണ്ട് മക്കള്കൂടിയാണുള്ളത്. ഭിന്നശേഷിക്കാരിയായ ഒരു മകള് അഭയകേന്ദ്രത്തിലാണ്. മറ്റൊരു മകള് വിവാഹിതയുമാണ്.
മരിച്ച റെജിയും പ്രതി എന്ന് സംശയിക്കുന്ന സഹോദരന് സജിയും തമ്മില് മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. സ്ഥിരമായി പരസ്പരം പ്രശ്നങ്ങള് ഉണ്ടാക്കുന്ന ഇവര് അയല്ക്കാരെയും സഹോദരിമാരടക്കമുള്ള ബന്ധുക്കളെയും വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ല. വിവിധ അസുഖങ്ങളാല് ബുദ്ധിമുട്ടുന്ന അമ്മയെ കാണുന്നതിനായി സഹോദരിമാര് വീട്ടില് എത്തുന്നത് പോലും ഇവര് തടഞ്ഞിരുന്നു.
മേരിക്കുട്ടിയെയും റെജിയെയും ദിവസങ്ങളായി പുറത്ത് കാണാതിരുന്നതോടെ അയല്വാസികള് സജിയോട് വിവരം തിരക്കിയെങ്കിലും പരസ്പരവിരുദ്ധമായ മറുപടികളാണ് നല്കിയത്. ഇതേത്തുടര്ന്ന് സംശയം തോന്നിയ നാട്ടുകാര് മേരിക്കുട്ടിയുടെ മകള് സിനിയെ അറിയിച്ചിരുന്നു. മകള് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച വൈകുന്നേരം നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തിയത്.
സംശയം തോന്നിയതോടെയാണ് പോലീസ് വീടും പരിസരവും പരിശോധിച്ചതും മുറ്റത്ത് മണ്ണിളകിക്കിടക്കുന്ന സ്ഥലം കുഴിച്ചുനോക്കുകയും ചെയ്തത്. ഇന്നലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില് മൃതദേഹങ്ങള് പുറത്തെടുത്ത് പോസ്റ്റ്മോര്ട്ടത്തിനായി ഇടുക്കി മെഡിക്കല് കോളജിലേക്ക് മാറ്റി. ഒളിവില് പോയ സജിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്ജിതമാക്കി.
ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗ് വീടിനു സമീപത്തെ മലമുകളില്നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ 2018 ല് കാണാതായ മേരിക്കുട്ടിയുടെ ഭര്ത്താവ് മാത്യുവിന്റെ തിരോധാനവും കൊലപാതകമാണോ എന്ന സംശയത്തിലാണ് പോലീസും നാട്ടുകാരും. ഒളിവില് പോയ സജിയെ പിടികൂടിയാല് മാത്രമേ ഇരട്ടക്കൊലപാതകം സംബന്ധിച്ചും പിതാവിന്റെ തിരോധാനം സംബന്ധിച്ചും കൂടുതല് വിവരങ്ങള് വ്യക്തമാകുകയുള്ളു.
ഇല്ലാത്ത വിവാഹത്തിന് നാട്ടുകാരെ ക്ഷണിച്ചു
പച്ചടി തോട്ടുവാടകയിലെ ഇരട്ടക്കൊലപാതകത്തിലെ പ്രതി എന്നു സംശയിക്കുന്ന സജി ഇയാളുടെ വിവാഹത്തിന് അയൽവാസികളെ ക്ഷണിച്ചിരുന്നു. കഴിഞ്ഞ 10ന് വിവാഹമാണന്നും 600 പേരെ ക്ഷണിച്ചിട്ടുണ്ടെന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്.
എന്നാൽ, വധുവിനെ സംബന്ധിച്ച് പല രീതിയിലാണ് നാട്ടുകാരോടു പറഞ്ഞിരുന്നതു. പിന്നീട് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ ഇങ്ങനെ ഒരു വിവാഹാലോചനപോലും നടന്നതായി അറിയാൻ കഴിഞ്ഞില്ല.
എന്നാൽ, സജി പറഞ്ഞ വിവാഹ തീയതിയിൽ ദേഹത്ത് പരിക്കുകളോടെയാണ് ഇയാളെ കണ്ടത്. വധുവിന്റെ ബന്ധു മരിച്ചതിനാൽ വിവാഹം മാറ്റിവച്ചതായും ഇയാൾ പറഞ്ഞു. ബാത്ത്റൂമിൽ തെന്നിവീണാണ് പരിക്കേറ്റതെന്നും ഇയാൾ പറഞ്ഞിരുന്നു.
Kerala
തൃശൂർ: ഉച്ചകഴിഞ്ഞു മൂന്നരയോടെ തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ
വൻ സ്ഫോടനം ഉണ്ടായെന്നു അറിഞ്ഞപ്പോൾ ഞെട്ടിത്തരിച്ചവരിൽ നാട്ടുകാർ
മാത്രമല്ല മാധ്യമപ്രവർത്തകരുമുണ്ടായിരുന്നു.
കാരണം രാവിലെ പതിനൊന്നോടെ ഒരു സംഘം മാധ്യമപ്രവർത്തകർ വെടിക്കെട്ടു പുരയിലെ വാർത്തകൾ റിപ്പോർട്ട് ചെയ്യാനും ദൃശ്യങ്ങൾ പകർത്താനും ഇവിടം സന്ദർശിച്ചിരുന്നു.
ഇവർ വാർത്തകളെടുത്തു മടങ്ങി ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് രാജ്യത്തെതന്നെ ഞെട്ടിച്ച വൻ ദുരന്തം മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ അരങ്ങേറിയത്. വെടിക്കെട്ടു പുരയിൽ ജോലിയിലായിരുന്ന തൊഴിലാളികളോടു സംസാരിക്കുകയും വാർത്തകൾ ശേഖരിക്കുകയും ചെയ്ത റിപ്പോർട്ടർമാർ തങ്ങൾ അല്പനേരം മുമ്പ് സംസാരിച്ച പലരും ദുരന്തത്തിന് ഇരയായെന്ന വിവരമറിഞ്ഞു ഞെട്ടിത്തരിച്ചുപോയി.
Kerala
കൂത്തുപറമ്പ്: ചെറുവാഞ്ചേരിയിൽ ജോലിയ്ക്കിടെ വൈദ്യുത കമ്പിയിൽനിന്നു ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു.
കടവത്തൂർ എലിത്തോട് പടിഞ്ഞാറെ കല്ലുവയൽ വീട്ടിൽ അമൽ ചന്ദ്രൻ (27) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം.
ചെറുവാഞ്ചേരി അമ്പലപ്പുഴ പാലത്തിനു സമീപം വൈദ്യുത കമ്പികളിൽ പ്ലാസ്റ്റിക് കേബിളുകൾ സ്ഥാപിക്കുമ്പോൾ വൈദ്യുത ലൈനിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു.
ഉടൻതന്ന സാമൂഹികാരോഗ്യകേന്ദ്രത്തിലും തലശേരി സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചന്ദ്രൻ-ലെനി ദമ്പതികളുടെ മകനാണ്. ഭാര്യ: നിരഞ്ജന. സഹോദരങ്ങൾ: അഖിൽ, അർജുൻ.
Kerala
കൊച്ചി: കെഎസ്ഇബിയുടെ കരാർ തൊഴിലാളി ഷോക്കേറ്റു മരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയായ റിപൻ ഷേയ്ക്ക് ആണ് മരിച്ചത്. വടക്കൻ പറവൂർ പല്ലംതുരുത്ത് റോഡിലാണ് സംഭവം.
വൈദ്യുതി ലൈനിന്റെ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. 2019 മുതൽ വടക്കൻ പറവൂരിൽ ജോലി ചെയ്തുവരികയാണ് യുവാവ്.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
Kerala
തിരുവന്തപുരം: പെയിന്റിംഗ് ജോലിക്കിടെ ആസാം സ്വദേശി ഷോക്കേറ്റ് മരിച്ചു. കാജോള് ഹുസൈനാണ് (21) മരിച്ചത്.
തിരുവന്തപുരം ടെക്നോപാര്ക്കിലെ ക്വസ്റ്റ് കമ്പനിയിലാണ് സംഭവം. വാട്ടര് ഗണ് ഉപയോഗിച്ച് ചുമര് കഴുകുന്നതിനിടയില് 110 കെ വി വൈദ്യുത കമ്പിയില് വാട്ടര് ഗണ് തട്ടി കാജോളിന് ഷോക്കേൽക്കുകയായിരുന്നു.
കാജോളിനെ ഉടന് മെഡിക്കല് കോളജില് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കാക്കനാട്: അത്താണിയിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. അത്താണി മാച്ചോട്ടിൽ വീട്ടിൽ നൗഷാദ് ഉമ്മർ (44) ആണ് മരിച്ചത്.
വീടിനോട് ചേർന്നു കുഴൽ കിണർ പണി നടക്കുന്ന ഭാഗത്ത് ചെളി നീക്കം ചെയ്യുന്നതിനിടെ നൗഷാദിന് ഷോക്കേൽക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.