വാഷിംഗ്ടൺ ഡിസി: ഇറാനിൽ ഉടൻ ആക്രമണം പുനരാരംഭിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ആക്രമണപദ്ധതി തത്കാലത്തേക്കു മരവിപ്പിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ഗൾഫിലെ അമേരിക്കൻ സഖ്യകക്ഷികളുടെ അഭ്യർഥന മാനിച്ചാണിത്. അതേസമയം, ഇറാനെതിരായ നാവികഉപരോധം തുടരും.അമേരിക്കയിലെത്തിയ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇറാനും അമേരിക്കയ്ക്കും ഇടയിൽ മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തർ.
അമേരിക്കൻ സേന സന്നാഹങ്ങൾ പൂർത്തിയാക്കിയെന്നും എന്നാൽ, ഇപ്പോൾ ഇറാനിൽ ആക്രമണം നടത്തരുതെന്ന സൗദി, യുഎഇ, ഖത്തർ, ബഹ്റിൻ, കുവൈറ്റ് രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചുവെന്നും ട്രംപ് പറഞ്ഞു.
ഇറാൻ സന്ദർശിച്ചശേഷം അമേരിക്കയിലെത്തിയ ഖത്തർ പ്രധാനമന്ത്രി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായും കൂടിക്കാഴ്ച നടത്തി. ചർച്ചകൾ ശുഭപ്രതീക്ഷ നല്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇതിനിടെ, ഇറാന്റെ ഏഴ് ഉപാധികൾ അംഗീകരിക്കാൻ അമേരിക്ക തയാറാകണമെന്ന് സുരക്ഷാ കൗൺസിൽ മേധാവി മൊഹ്സെൻ റേസായി ആവശ്യപ്പെട്ടു.