മുംബൈ: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഗ്രൂപ്പ് സിയില്‍ സൂപ്പര്‍ എട്ടിനായുള്ള പോരാട്ടം കടുക്കുന്നു. രണ്ട് റൗണ്ട് മത്സരം അവസാനിച്ചപ്പോള്‍ മുന്ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് നാല് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്.
വെസ്റ്റ് ഇന്‍ഡീസിനോട് 30 റണ്‍സ് തോല്‍വി വഴങ്ങിയ ഇംഗ്ലണ്ടിന്റെ നില പരുങ്ങലിലായി. ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡിന്റെ മിന്നും പ്രകടനത്തിലൂടെയായിരുന്നു വെസ്റ്റ് ഇന്‍ഡീസ് ഗ്രൂപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടിയത്.
42 പന്തില്‍ ഏഴ് സിക്സും രണ്ട് ഫോറും അടക്കം 76 റണ്‍സുമായി പുറത്താകാതെ നിന്ന ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. സ്കോര്‍: വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 196/6. ഇംഗ്ലണ്ട് 19 ഓവറില്‍ 166.
എട്ട് റണ്‍സ് എടുക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടപ്പെട്ടശേഷമായിരുന്നു വിന്‍ഡീസ് ഇന്നിംഗ്സ് കെട്ടിപ്പടുത്തത്. ജേസണ്‍ ഹോള്‍ഡര്‍ (17 പന്തില്‍ 33)-റൂഥര്‍ഫോര്‍ഡ് ആറാം വിക്കറ്റ് കൂട്ടുകെട്ട് 31 പന്തില്‍ 62 റണ്‍സ് അടിച്ചെടുത്തു. റോസ്റ്റണ്‍ ചേസ് (29 പന്തില്‍ 34), ഷിംറോണ്‍ ഹെറ്റ്മയര്‍ (12 പന്തില്‍ 23) എന്നിവരും വിന്‍ഡീസ് ഇന്നിംഗ്സിലേക്കു സംഭാവന ചെയ്തു.
ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍ സാം കറന് (30 പന്തില്‍ 43 നോട്ടൗട്ട്) ആയിരുന്നു. ജേക്കബ് ബെഥേല്‍ (33), ഫില്‍ സാള്‍ട്ട് (30) എന്നിവരും പൊരുതി നോക്കി. വിന്‍ഡീസിന്റെ ഗുഡാകേഷ് മോട്ടി മൂന്നു വിക്കറ്റ് വീഴ്ത്തി.