കരുവാരകുണ്ട്: ഷിഗെല്ല രോഗഭീതിയുടെ പശ്ചാത്തലത്തിൽ കരുവാരകുണ്ട് പഞ്ചായത്തിൽ കർശനപരിശോധന. ജില്ലയിൽ ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കരുവാരകുണ്ടിൽ ആരോഗ്യ-ശുചിത്വ പരിശോധനകൾ ശക്തമാക്കിയത്. തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നിർദേശത്തെത്തുടർന്നാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉദ്യോഗസ്ഥർ വ്യാപക പരിശോധന നടത്തിയത്.
25ലധികം ഹോട്ടലുകളിലും കൂൾബാറുകളിലും പരിശോധന നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ കർശനനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പഞ്ചായത്ത് സെക്രട്ടറി ഹസീന ചെറുപള്ളിക്കൽ, എ.എസ്. അരുണ്‍, ജെ.എസ്. ബിന്ദുരാജ്, ഹെൽത്ത് ഇൻസ്പെക്ടർ ബിനിൽ ലാൽ തുടങ്ങിയവർ നേതൃത്വം നൽകി.