ചെന്നൈ: തമിഴ് നടൻ ശിവാജി ഗണേശന്റെ മൂത്ത മകൾ ശാന്തി നാരായണസാമി (71) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലിരുന്ന ശാന്തി ഞായറാഴ്ച ചെന്നൈയിൽ വച്ചാണ് മരിച്ചത്.
തമിഴ് സിനിമാ മേഖലയുമായി ബന്ധം പുലർത്തിയിരുന്നെങ്കിലും സിനിമാരംഗത്ത് അധികം സജീവമായിരുന്നില്ല. 1974-ൽ പുറത്തിറങ്ങിയ ശിവാജി ഗണേശന്റെ വൻവിജയചിത്രമായ ‘തങ്കപ്പതക്കം’ നിർമിച്ചത് ശാന്തിയായിരുന്നു.
ചെന്നൈ അണ്ണാശാലയിലെ പ്രശസ്തമായ ശാന്തി തിയറ്ററിന്, പിതാവ് മകളുടെ പേരാണ് നൽകിയത്.
സിനിമാ നിർമാതാവ് രാംകുമാർ, നടൻ പ്രഭു, തേൻമൊഴി എന്നിവരാണ് സഹോദരങ്ങൾ. അമ്മ കമല. ശാന്തിയുടെ നിര്യാണത്തിൽ രാഷ്ട്രീയ നേതാക്കളും തമിഴ് സിനിമാരംഗത്തെ പ്രമുഖരും അനുശോചിച്ചു.