തിരുവനന്തപുരം: സിപിഎം വിട്ട് കോൺഗ്രസിലെത്തിയതിന് പിന്നാലെയുണ്ടായ വിമർശനങ്ങളിൽ പ്രതികരിച്ച് മുൻ എംഎൽഎ ഐഷ പോറ്റി. വർഗ വഞ്ചക എന്ന് വിളിക്കുന്നവർ മറ്റ് പാർട്ടിയിൽ നിന്ന് സിപിഎമ്മിലേക്കെത്തിയ സരിന്റെയും ശോഭന ജോർജിന്റെയും കാര്യമോർക്കണമെന്ന് ഐഷ പോറ്റി പറഞ്ഞു.
എല്ലാം തന്നെന്ന് പറഞ്ഞ പാർട്ടി ഇന്നില്ലെന്ന് പറഞ്ഞ ഐഷ പോറ്റി കൂടുതൽ സ്വാതന്ത്ര്യത്തോടെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു. ഐഷ പോറ്റിക്ക് അധികാരമോഹമാണെന്നും വഞ്ചനാപരമായ സമീപനം കാണിച്ചുവെന്നുമായിരുന്നു സിപിഎം നേതാക്കളുടെ വിമര്‍ശനം.
സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയും ഐഷ പോറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അധികാരം ഇല്ലാത്തപ്പോൾ ഒഴിഞ്ഞുമാറുന്നത് പാർട്ടി പ്രവർത്തകയ്ക്ക് ചേർന്നതല്ലെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ വിമർശനം.