തൊടുപുഴ: ജില്ലയില്‍ ഫോറന്‍സിക് വിദഗ്ധരുടെ കുറവ് പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള മെഡിക്കോ ലീഗല്‍ സേവനങ്ങള്‍ കൃത്യമായി നല്‍കുന്നതിന് തടസമാകുന്നു. ഫോറന്‍സിക് വിദഗ്ധരുടെ കുറവു മൂലം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ മണിക്കൂറുകള്‍ ദുരിത യാത്ര ചെയ്ത് മറ്റ് ആശുപത്രികളില്‍ പോകേണ്ട അവസ്ഥയാണ് പല മേഖലകളിലും നില നില്‍ക്കുന്നത്.
ഇത്തരം സേവനങ്ങള്‍ കൂടുതല്‍ ജനസൗഹാര്‍ദ്ദപരവും നീതിയുക്തവുമാകുന്നതിന് അടിയന്തര നടപടി സ്വീകരിക്കണെമെന്നാവശ്യപ്പെട്ട് കെജിഎംഒഎ ജില്ലാ കമ്മിറ്റി ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും നിവേദനം നല്കി.
ഫോറന്‍സിക് സര്‍ജന്‍മാരില്ലാത്തതിനാല്‍ മരണത്തിന്റെ ആഘാതത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ മണിക്കൂറുകളോളം മോര്‍ച്ചറികള്‍ക്കും ആശുപത്രികള്‍ക്കും മുന്നില്‍ കാത്തുനില്‍ക്കേണ്ട സാഹചര്യമാണുള്ളത്. മൃതദേഹങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി ദൂരെയുള്ള കേന്ദ്രങ്ങളിലേക്കു മാറ്റേണ്ടിവരുമ്പോള്‍ സാധാരണ കുടുംബങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാകുന്നത്.
ആംബുലന്‍സ്, യാത്രാചെലവുകള്‍, മണിക്കൂറുകളോളം നീളുന്ന കാത്തിരിപ്പ്, മൃതദേഹം വിട്ടു കിട്ടുന്നതിലെ താമസം എന്നിവ പല കുടുംബങ്ങളെയും കടുത്ത മാനസിക സമ്മര്‍ദത്തിലാക്കുന്നു. ചിലപ്പോള്‍ ഒരു പോസ്റ്റ്മോര്‍ട്ടം നടപടിക്കായി മുഴുവന്‍ ദിവസംതന്നെ ചെലവഴിക്കേണ്ട അവസ്ഥയും ഉണ്ടാകുന്നു.
ഈ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ജില്ലയിലെ പ്രധാന ആശുപത്രികളില്‍ സ്ഥിരം ഫോറന്‍സിക് സര്ജന് തസ്തികകള്‍ സൃഷ്ടിക്കണമെന്നും മെഡിക്കോ ലീഗല്‍ സേവനങ്ങള്‍ ശക്തിപ്പെടുത്താന്‍ അടിയന്തര ഇടപെടല്‍ വേണമെന്നുമുള്ള ആവശ്യം ശക്തമാണ്.
മരണത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനും കുറ്റകൃത്യങ്ങള്‍ പുറത്തുകൊണ്ടുവരാനും നീതി ഉറപ്പാക്കാനുമുള്ള നിര്‍ണായകമായ ശാസ്ത്രീയ നടപടിയായതിനാല്‍ ഇക്കാര്യത്തില്‍ ഫോറന്‍സിക് വിദഗ്ധരുടെ സേവനം ഉറപ്പാക്കണം.
വിഷപ്രയോഗം, മരുന്നുകളുടെ ദുരുപയോഗം, ശ്വാസംമുട്ടിക്കല്, അപകടമരണമായി തോന്നിക്കുന്ന കൊലപാതകങ്ങള്‍ തുടങ്ങി സങ്കീര്‍ണമായ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതില്‍ ഫോറന്‍സിക് വിദഗ്ധരുടെ പങ്ക് നിര്‍ണായകമാണ്.
കേരളത്തില്‍ ഏറെ ചര്‍ച്ചയായ കൂടത്തായി കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഫോറന്‍സിക് പരിശോധനകളാണ് മരണത്തിന്റെ നിജസ്ഥിതി പുറത്തു കൊണ്ടുവന്നത്.
മെഡിക്കോ ലീഗല്‍ കോഡ് എന്ന സര്‍ക്കാര്‍ ഉത്തരവ് കൃത്യമായി പാലിച്ച് മാത്രമേ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടത്താനാകൂവെന്ന് കെജിഎംഒഎ ജില്ലാ കമ്മിറ്റി വ്യക്തമാക്കി. കൊലപാതകം, ദുരൂഹമരണം, മരണകാരണം വ്യക്തമല്ലാത്ത കേസുകള്‍ തുടങ്ങിയവയില്‍ ഫോറന്‍സിക് വിദഗ്ധരുടെ സേവനം അനിവാര്യമാണെന്നും ആവശ്യമായ സാഹചര്യങ്ങളില്‍ കേസ് ഫോറന്‍സിക് സര്ജന്മാര്ക്ക് റഫര്‍ ചെയ്യാനുള്ള നിയമപരവും പ്രഫഷണലുമായ ഉത്തരവാദിത്വം ഡോക്ടര്‍മാര്‍ക്കുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.
ഓണ്‍സൈറ്റ് പോസ്റ്റ്മോര്‍ട്ടങ്ങള്‍ അത്യപൂര്‍വ സാഹചര്യങ്ങളില്‍ മാത്രം നടത്തേണ്ട നടപടിയാണെന്നും മൃതദേഹം അഴുകിയ നിലയില്‍ ആണെന്നത് മാത്രം അതിന് കാരണമാകില്ലെന്നും മെഡിക്കോ ലീഗല്‍ ചട്ടങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി.
ഫോറന്‍സിക് സര്ജന് തസ്തികകളുടെ കുറവും കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരുടെ അപര്യാപ്തതയും ജില്ലയില്‍ മെഡിക്കോ ലീഗല്‍ സേവനങ്ങള്‍ക്ക് വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടം ഒഴികെയുള്ള മറ്റ് മെഡിക്കോ ലീഗല്‍ സേവനങ്ങള്‍ പലപ്പോഴും നല്‍കുന്നത് കാഷ്വാലിറ്റി ഡോക്ടര്‍മാരാണ്. നിയമപരമായ ഉത്തരവാദിത്വ ങ്ങള് നിര്‍വഹിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ പിന്തുണയും സംരക്ഷണവും ലഭിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം.