National
ശ്രീനഗർ: ജമ്മുകാഷ്മീരിലെ ഡോഡ ജില്ലയിലുണ്ടായ യുവാവ് കൊല്ലപ്പെട്ടതിനു പിന്നാലെ സ്ഥലത്തെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ശനിയാഴ്ച രാത്രിയിലുണ്ടായ സംഭവത്തിൽ ആരിഫ് ഹുസൈൻ (30) ആണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വെടിവയ്പ്പിൽ ദുരൂഹത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. ആരിഫ് ഹുസൈന്റെ മരണത്തെത്തുടർന്ന് പ്രദേശത്ത് ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഡോഡയിൽ നിന്നുള്ള റിപ്പോർട്ടുകൾ തികച്ചും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് മെഹബൂബ മുഫ്തി എക്സിൽ കുറിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ആരിഫിനെ കുത്തിപ്പരിക്കേൽപ്പിക്കുകയും പിന്നീട് വെടിവച്ചുകൊല്ലുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങളെന്നും അവർ ആരോപിച്ചു.
National
ഗുരുഗ്രാം: തർക്കത്തിനിടയിൽ സുഹൃത്ത് യുവാവിനെ വെടിവച്ചു കൊന്നു. ഹരിയാനയിലെ ഗുരുഗ്രാമിൽ നടന്ന സംഭവത്തിൽ ഡൽഹി ബദർപൂർ സ്വദേശിയായ ആകാശ് (28) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ഗുരുഗ്രാം സെക്ടർ 65-ൽ വെച്ചായിരുന്നു സംഭവം.
കൊലപാതകത്തിന് ശേഷം ആകാശിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ച പ്രതി തന്ത്രപരമായി അവിടെനിന്ന് കടന്നുകളയുകയായിരുന്നു. പ്രതിയായ ബെഹ്റാംപൂർ സ്വദേശി ലക്കിയ്ക്കായി അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു. ലക്കി തന്റെ പിതാവിന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ചാണ് ആകാശിന് നേരെ വെടിയുതിർത്തത്.
ബുധനാഴ്ച രാത്രി എട്ടിനാണ് ഇരുവരും പുറത്തേക്ക് പോയത്. അതിനിടെയായിരുന്നു സംഭവം. ആകാശിന്റെ തലയ്ക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ആകാശിനെ ലക്കി ഉടൻ തന്നെ സെക്ടർ 57-ലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതോടെ ലക്കി മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് സെക്ടർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പ്രതി പിടിയിലായാൽ മാത്രമേ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാകൂ.