തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിലെ ഗൂഢാലോചനാ ആരോപണം കള്ളമാണെന്ന് തെളിഞ്ഞതായും കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ഷൈലജ. ഗൂഢാലോചനാക്കുറ്റം ആരോപിക്കപ്പെട്ട എല്ലാവരെയും കോടതി വെറുതെവിട്ടുവെന്നും അവർ പറഞ്ഞു.
ഷുക്കൂർ വധം നിർഭാഗ്യകരമായ സംഭവമായിരുന്നു. അന്ന് സംഘർഷമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കാൻ പോയ സംഘത്തിൽ താനും ഉണ്ടായിരുന്നു. ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. കുടുംബങ്ങളെ ആശ്വസിപ്പിക്കാനാണ് അവിടേക്ക് പോയത്. ഓട്ടോയിൽനിന്ന് ഇറങ്ങുമ്പോൾ തന്നെ ലീഗ് പ്രവർത്തകർ കല്ലെറിയുകയായിരുന്നു. താൻ ഓട്ടോയിൽനിന്ന് ഇറങ്ങിയില്ലെന്നും പി. ജയരാജൻ ഇറങ്ങിയിരുന്നുവെന്നും ഷൈലജ പറഞ്ഞു.
അതുകൊണ്ടാണ് ജയരാജനടക്കമുള്ളവർക്ക് കല്ലേറേറ്റത്. ആശുപത്രിയിൽ ആളുകൾക്കിടയിൽനിന്ന് എന്ത് ഗൂഢാലോചന നടത്താനാകും. 14 വർഷത്തോളം നീണ്ടുനിന്ന പ്രയാസങ്ങൾക്ക് ഇതോടെ അറുതിയുണ്ടായെന്നും കെ.കെ.ഷൈലജ പ്രതികരിച്ചു. കണ്ണൂരിലെ യൂത്ത് ലീഗ് പ്രവർത്തകനും തളിപ്പറമ്പ് മണ്ഡലം എംഎസ്എഫ് ട്രഷററുമായിരുന്ന അരിയിൽ അബ്ദുൾ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ വ്യാഴാഴ്ചയാണ് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി വിധി പ്രസ്താവിച്ചത്.