മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ കിരീടം വീണ്ടും തിയറ്ററുകളിലേക്ക്. മോഹൻലാൽ-ലോഹിതദാസ്- സിബി മലയിൽ ടീമിന്റെ ക്ലാസിക് ചിത്രം ജൂലൈ 10-ന് പ്രേക്ഷകരിലേക്കെത്തും. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി ഇന്നും വാഴ്ത്തപ്പെടുന്ന സേതുമാധവൻ എന്ന കഥാപാത്രത്തെ പുത്തൻ ദൃശ്യാനുഭവത്തോടെ ആസ്വദിക്കാൻ അവസരമൊരുങ്ങുകയാണ്. 4കെ ദൃശ്യമേന്മയിലും ഡോൾബി അറ്റ്മോസ് സൗണ്ട് ക്വാളിറ്റിയിലുമായിരിക്കും ചിത്രം തിയറ്ററുകളിലെത്തുക.
ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി സഹകരിച്ച് സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. കൃപാ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേർന്നാണ് കിരീടം നിർമിച്ചത്. മനുഷ്യരിലെ നിസഹായതയെ ആഴത്തിൽ പ്രതിഫലിപ്പിക്കാനറിയുന്ന, മനുഷ്യമനസിന്റെ ആഴങ്ങളറിയുന്ന മാസ്റ്റർ സ്റ്റോറി ടെല്ലറുടെ, സിബി മലയിൽ എന്ന ക്രാഫ്റ്റ്മാന്റെ, ജോൺസൺ എന്ന സംഗീത മാന്ത്രികന്റെ സിനിമ.
സേതുമാധവനും അച്യുതൻ നായരുമായി മോഹൻലാൽ-തിലകൻ ഓൺസ്ക്രീൻ രസതന്ത്രം സൃഷ്ടിച്ച ഭാവമുഹൂർത്തങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇന്നും നൊമ്പരമായി മാറിയ സിനിമ. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാകെ തകർന്ന്, ഒരു ചെറുപ്പക്കാരൻ കുറ്റവാളിയും ഗുണ്ടയുമായി മാറുന്നതാണ് സിനിമയുടെ ഇതിവൃത്തം.
മോഹന്‍ലാല്‍-തിലകന് കൂട്ടുകെട്ട് സ്ക്രീനില്‍ പകർന്നാടിയ ചിത്രത്തില്‍ മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്, പാര്‍വതി, മുരളി, കൊച്ചിന് ഹനീഫ, കവിയൂര്‍ പൊന്നമ്മ, മോഹന്‍രാജ്, ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു, ജഗദീഷ് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. റീ-റിലീസില്‍ ഹൈസിന് ഗ്ലോബല്‍ വെഞ്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.
ഛായാഗ്രാഹണം എസ്. കുമാർ, എഡിറ്റർ എൽ. ഭൂമിനാഥൻ, ഗാനരചന കൈതപ്രം, മേക്കപ്പ് വേലപ്പൻ, ആർട്ട് സി.കെ സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ കെ.ആർ. ഷൺമുഖം, കോസ്റ്റ്യൂംസ് നാഗരാജ്, പിആർഒ ശിവപ്രസാദ്, 4കെ റീമാസ്റ്ററിങ് ഹൈ സ്റ്റുഡിയോസ്.