ന്യൂഡൽഹി: കർണാടകയിലെ മന്ത്രിസഭാ വികസനം സംബന്ധിച്ച ചർച്ചകൾ അനിശ്ചിതമായി നീളുന്നു. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെപിസിസി അധ്യക്ഷൻ ബി.കെ. ഹരിപ്രസാദ് എന്നിവർ ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അന്തിമ തീരുമാനമായില്ല. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അടിയന്തരമായി ബംഗളൂരുവിലേക്ക് മടങ്ങിയതും ചർച്ചകൾ പൂർത്തിയാക്കാൻ തടസമായി.
പഴയ മന്ത്രിമാരുടെ പേരുകൾ മാത്രം അടങ്ങിയ പട്ടികയിൽ രാഹുൽ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. 2028-ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യുവനേതാക്കൾക്ക് മന്ത്രിസഭയിൽ കൂടുതൽ അവസരം നൽകണമെന്നാണ് രാഹുലിന്റെ നിർദേശം. രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും സംസ്ഥാന നേതാക്കളുടെ അഭിപ്രായങ്ങൾ കേട്ടതായും, ഖാർഗെ തിരിച്ചെത്തിയ ശേഷം മറ്റൊരു റൗണ്ട് ചർച്ച കൂടി നടത്തിയ ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ എന്നും നേതാക്കൾ വ്യക്തമാക്കി.
ഓഗസ്റ്റ് ആദ്യവാരം തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന് മുൻപായി മന്ത്രിസഭാ വികസനം പൂർത്തിയാക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. നിലവിൽ 20 മന്ത്രിസ്ഥാനങ്ങളും ഒരു സ്പീക്കർ സ്ഥാനവും ഒഴിഞ്ഞുകിടക്കുകയാണ്.