മെൽബൺ: പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ലെഷെനോൾട്ട് എസ്റ്റ്യൂറിയിൽനിന്നുള്ള ഒരു ദൃശ്യം ലോകത്തിന്റെ കണ്ണുനിറയ്ക്കുന്നു.
പിറന്നുവീണ് രണ്ടാഴ്ച മാത്രം പ്രായമുള്ള തന്റെ കുഞ്ഞ് ചത്തുപോയിട്ടും ആ കുഞ്ഞുശരീരം കടലാഴങ്ങളിലേക്ക് താഴ്ന്നുപോകാതെ ആറു ദിവസത്തോളമാണ് ‘ഫ്രാഗിൾ’എന്ന അമ്മ ഡോൾഫിൻ തന്റെ മുതുകിലും ചുണ്ടിലുമായി താങ്ങിനിർത്തി നീന്തിയത്.
‘ജിയോഗ്രാഫി മറൈൻ റിസർച്ച്’എന്ന പരിസ്ഥിതിസംരക്ഷണ സംഘടന ചിത്രീകരിച്ച ഈ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എസ്ബിഎസ് ന്യൂസാണ് പുറത്തുവിട്ടത്.
മുന്പും കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടിട്ടുള്ള ഫ്രാഗിൾ, ഭക്ഷണംപോലും ഉപേക്ഷിച്ചാണ് തന്റെ കുഞ്ഞിനെ ആഴക്കടലിലേക്ക് താഴ്ന്നുപോകാൻ അനുവദിക്കാതെ മുതുകിലേറ്റി നീന്തിയതെന്ന് ജിയോഗ്രാഫി മറൈൻ റിസർച്ചിലെ ഗവേഷകർ ചൂണ്ടിക്കാട്ടി. നാളുകളായി ഈ ഡോൾഫിനെ അവർ നിരീക്ഷിച്ചുവരികയായിരുന്നു. അങ്ങനെയാണു ഫ്രാഗിൾ എന്ന പേരും നൽകിയത്.
ഫ്രാഗിളിന്റെ സങ്കടത്തിൽ പങ്കുചേരുന്നതുപോലെ കൂട്ടത്തിലെ മറ്റ് ഡെൽഫിനുകളും കുഞ്ഞിന്റെ ശരീരത്തെ താങ്ങിനിർത്താനും അമ്മയ്ക്കു സംരക്ഷണം നൽകാനും ഒപ്പം നീന്തുന്നുണ്ടായിരുന്നു.
ജന്തുശാസ്ത്രജ്ഞർ ഇതിനെ ‘എപ്പിമെലിറ്റിക് ബിഹേവിയർ’(വേർപാടിൽ കൂടെയുള്ളവരോട് കാണിക്കുന്ന കരുതലും ദുഃഖവും) എന്നു വിളിക്കുമ്പോഴും മനുഷ്യന്റേതിനു സമാനമായ സ്നേഹവും വിയോഗത്തിന്റെ നീറ്റലും മൃഗങ്ങൾക്കുമുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ കാഴ്ച.