കോട്ടയം: ഒറ്റ പ്രസവത്തിൽ ഒന്നിച്ചുപിറന്ന മൂവർ സംഘത്തിനു സംസ്ഥാന തയ്ക്വാണ്ടോ മത്സരത്തിൽ ഒന്നിച്ചു മെഡൽ നേട്ടം. ഒരാൾ സ്വർണ മെഡലോടെ ദേശീയ മത്സരത്തിനു യോഗ്യത നേടി.
മറ്റു രണ്ടുപേർ വെങ്കല മെഡൽ നേടി. കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്കൂളിലെ വൈഭവ് വിനോദ്, വൈഷ്ണവ് വിനോദ്, കെ.വി. വൃന്ദമോൾ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയത്. വൈഷ്ണ് സ്വർണം നേടി ദേശീയ മത്സരത്തിന് യോഗ്യത നേടി. ജമ്മു-കാഷ്മീരിലാണ് ദേശീയ മത്സരം.
കോട്ടയം റവന്യൂ ജില്ലാ സ്കൂൾ തയ്ക്വാണ്ടോ ചാന്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയിരുന്നു. ഒന്നിച്ചു ജനിച്ചവർ ഒരേ മത്സരയിനത്തിൽ ജില്ലാതലത്തിൽ സ്വർണം നേടിയെന്ന അപൂർവ റിക്കാർഡ് ഇവർ അന്നു സ്വന്തമാക്കി.
കടുവാക്കുളം കുന്നേൽതാഴെ പി.കെ. വിനോദ്- ബിന്ദു ദന്പതികളുടെ മക്കളായ മൂവരും ദ്രോണാസ് ഫിറ്റ് ആൻഡ് ഫൈറ്റ് ക്ലബിലാണ് പരിശീലനം നടത്തുന്നത്. ക്ലബിലെ മാസ്റ്റർ സുധീഷ്കുമാറിന്റെ നേതൃത്വത്തിലാണ് പരിശീലനം. ശരീരഭാരം അടിസ്ഥാനമാക്കി ജൂണിയർ, സീനിയർ വിഭാഗത്തിലായാണ് മൂവരും മത്സരിക്കുന്നത്.
അച്ഛൻ വിനോദ് കുമാർ കടുവാക്കുളം കവലയിൽ നടത്തുന്ന വ്യാപാര സ്ഥാപനം ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. താഴില്ലാ സ്റ്റോഴ്സ് എന്ന പേരും സോഡാ നാരങ്ങാവെള്ളവുമാണ് കടയ്ക്കു പ്രശസ്തി നേടിക്കൊടുത്തത്. മോഷ്ടാക്കൾ പലവട്ടം കടയിൽ മോഷണം നടത്തിയതോടെയാണ് കടയുടെ പേര് താഴില്ലാ സ്റ്റോഴ്സ് എന്നാക്കി ഇവർ കൗതുകമുയർത്തിയത്.