തളിപ്പറമ്പ്: റാഗിംഗ് പരാതിയിൽ തളിപ്പറന്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ നാലു വിദ്യാർഥികൾക്കെതിരേ കേസ്.
ഒന്നാം വർഷ ബികോം വിദ്യാർഥി തളിപ്പറമ്പ് കാര്യാമ്പലം അമ്പാടി റോഡ് വി.എം. ഹൗസിൽ മുഹമ്മദ് ഇംറാന്റെ (19) പരാതിയിലാണ് സീനിയർ വിദ്യാർഥികളായ മാട്ടൂൽ തെക്കുമ്പാട് ഷഹന കോട്ടേജിലെ മുഹമ്മദ് ഷുക്കൂർ (20), ചെങ്ങളായി മുക്കാടത്ത് വീട്ടിൽ റാഹിൽ മുഹമ്മദ് (19), മുജീബ് റഹ്മാൻ, മുഹമ്മദ് ഫാഹിം റഹ്മാൻ എന്നിവർക്കെതിരേ കേസെടുത്തത്.
പ്രിൻസിപ്പൽ ഡോ. എം.വി.പി. സിറാജ് തളിപ്പറമ്പ് പൊലിസ് സ്റ്റേഷനിൽ നൽകിയ ആന്റി റാഗിംഗ് കമ്മിറ്റി പ്രാഥമികാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് ഇംറാന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണു പൊലിസ് കേസെടുത്തത്.
കഴിഞ്ഞ 29ന് രാത്രി എട്ടിന് പ്രതികൾ നാലു പേരും ചേർന്ന് മുഹമ്മദ് ഇംറാനെ മന്ന സീക്കോ ജംഗ്ഷനിൽവച്ച് കാറിൽ കയറ്റിക്കൊണ്ടുപോയി നണിച്ചേരി പാലത്തിനു സമീപത്തെ കാട്ടിൽ എത്തിച്ചു.
കോളജിൽ വരുമ്പോൾ ഷൂസിടുന്നതും ബൈക്കിൽ വരുന്നതും തങ്ങൾക്ക് ഇഷ്ടമല്ലെന്നു പറഞ്ഞ് കാറിൽ സൂക്ഷിച്ച മരവടികൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും 300 രൂപ നിർബന്ധിച്ച് ഗൂഗിൾ പേ ചെയ്യിക്കുകയും ചെയ്തതായാണു പരാതി.