മാലോം: ചിറ്റാരിക്കൽ ഉപജില്ലാ കലോത്സവത്തിന്റെ സംഗീതവേദിയിൽ തിളങ്ങി വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് സ്കൂളിലെ എവ്ലിൻ മരിയ ബിനുവും അനുജൻ നിർമലഗിരി എൽപി സ്കൂൾ വിദ്യാർഥി അന്റോണിയോ ബിനുവും.
ഹൈസ്കൂൾ വിഭാഗം ലളിതഗാനം, ശാസ്ത്രീയ സംഗീതം, ദേശഭക്തിഗാനം, ഉർദു സംഘഗാനം എന്നിങ്ങനെ പങ്കെടുത്ത നാല് ഇനങ്ങളിലും എവ്ലിൻ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ രണ്ടാം ക്ലാസുകാരൻ അന്റോണിയോ ലളിതഗാനത്തിനും മലയാളം പദ്യംചൊല്ലലിനും ഒന്നാം സ്ഥാനവും മാപ്പിളപ്പാട്ടിലും സംഘഗാനത്തിലും ദേശഭക്തിഗാനത്തിലും രണ്ടാം സ്ഥാനവും നേടി. അഞ്ചിനങ്ങളിലും അന്റോണിയോയ്ക്ക് എ ഗ്രേഡുണ്ട്. തോമാപുരം ഷാജി എഴുതി അദ്ദേഹം തന്നെ ഈണം പകർന്ന ലളിതഗാനമാണ് എവ്ലിനെ ഒന്നാം സ്ഥാനത്തിനർഹയാക്കിയത്.
ശാസ്ത്രീയ സംഗീതത്തിൽ രജീഷ് പാണപ്പുഴയാണ് ഗുരു. പാത്തിക്കരയിലെ മണിയംമാക്കൽ ബിനുവിന്റെയും സിജിയുടെയും മക്കളാണ്. ഇവരുടെ മൂത്ത സഹോദരൻ ആൽഫിൻ ബിനുവും നേരത്തേ കലോത്സവ വേദികളിലെ താരമായിരുന്നു.