വിശാഖപട്ടണം: ഗൃഹപാഠം ചെയ്യാത്തതിനെത്തുടര്‍ന്ന് അധ്യാപിക മര്‍ദിച്ച അഞ്ചുവയസുകാരന് കുഴഞ്ഞുവീണ് മരിച്ചു. വിശാഖപട്ടണം വൺ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ കനക മഹാലക്ഷ്മി ക്ഷേത്രത്തിനു സമീപമുള്ള സ്വകാര്യ സ്കൂളിൽ ഇന്നലെ രാവിലെ 11നായിരുന്നു ദാരുണമായ സംഭവം. തമ്മന കൃഷ്ണപ്രസാദിന്റെയും സായ് ലക്ഷ്മിയുടെയും മകനായ തമ്മന പ്രണയ് തേജ് എന്ന യുകെജി വിദ്യാർഥിയാണു മരിച്ചത്.
കുട്ടികളുടെ ഹോംവർക്ക് പരിശോധിക്കുന്നതിനിടെ പ്രണയ് തേജ് ഒഴിഞ്ഞ സ്ലേറ്റ് കാണിച്ചതാണ് അധ്യാപികയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് അധ്യാപിക കുട്ടിയെ അടുത്തുവിളിച്ച് വസ്ത്രങ്ങൾ ശരിയാക്കുകയും കരണത്തടിക്കുകയും ചെയ്തതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. മർദനമേറ്റ കുട്ടി നിമിഷങ്ങൾക്കകം അധ്യാപികയുടെ മടിയിലേക്ക് കുഴഞ്ഞുവീണു.
ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി കുഴഞ്ഞുവീണിട്ടും ഉച്ചയ്ക്ക് ഒന്നിനു മാത്രമാണ് സ്കൂൾ അധികൃതർ വിവരം അറിയിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചു. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും വീട്ടിൽനിന്ന് സ്വയം സന്തോഷത്തോടെയാണ് സ്കൂളിലേക്ക് പോയതെന്നും അമ്മ സായ് ലക്ഷ്മി പറഞ്ഞു. ബന്ധുക്കളുടെ പരാതിയിൽ ഭാരതീയ ന്യായ സംഹിത സെക്ഷൻ 194 (ദുരൂഹ മരണം) പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
അന്വേഷണത്തിനുശേഷം അധ്യാപികയെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. കുട്ടിയുടെ മുഖത്ത് അധ്യാപിക അടിച്ചതിന് തൊട്ടുപിന്നാലെ കുട്ടി അധ്യാപികയുടെ ദേഹത്തേക്ക് കുഴഞ്ഞുവീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. കുട്ടി നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.