ചങ്ങനാശേരി: തനിക്ക് കത്തയച്ച അഞ്ചാംക്ലാസുകാരി സിയാന മനോജിന് ചക്കരമുത്തം സമ്മാനിച്ച് പൊലിസ് അങ്കിള്‍.
ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജ്മെന്റിലെ 66 സ്കൂളുകളിലെ 23,000 വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ കത്തുകള്‍ എഴുതി അയയ്ക്കുന്ന പരിപാടിയുടെ അതിരൂപതാതല ഉദ്ഘാടന വേദിയാണ് ശ്രദ്ധേയമായത്.
ചങ്ങനാശേരി സെന്റ് ആന്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചമ്രംപടഞ്ഞിരുന്ന കുട്ടികളുടെ നടവിലൂടെ പോസ്റ്റ്വുമണിന്റെ വേഷംധരിച്ച കുട്ടി സൈക്കിളില്‍ എത്തി.
പോസ്റ്റ്വുമണന് കത്ത് ഉദ്ഘാടകനായ ഡിവൈഎസ്പി അഷാദ് സദാനന്ദന് കൈമാറി. ആരാണ് ഈ കത്തെഴുതിയതെന്ന് ഡിവൈഎസ്പി ചോദിച്ചപ്പോള്‍ സിയാന മനോജ് ഓടിയെത്തി. അപ്പോഴാണ് ഡിവൈഎസ്പി സിയാനയെ ആശ്ലേഷിച്ചത്.
സിയാന അയച്ച കത്തിന്റെ പൂര്‍ണരൂപം:
ബഹുമാനപ്പെട്ട സാര്‍,
ഞാന്‍ ചങ്ങനാശേരി സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സിയാന മനോജ് ആണ്. ചങ്ങനാശേരിയിലെ പൊലിസ് ആന്റിമാരും അങ്കിളുമാരും നമ്മുടെ നാടിന് ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് ഒത്തിരി നന്ദി.
എങ്കിലും ഒരു കാര്യം ഓര്‍മിപ്പിക്കട്ടെ. വൈകുന്നേരം സ്കൂള്‍ വിടുന്ന സമയം റെയില്‍വേ പരിസരത്തും സ്കൂളിന് മുമ്പിലും ധാരാളം ആണ്‍കുട്ടികള്‍ കൂട്ടംകൂടി നില്ക്കുന്നതായി കാണുന്നു.
അനാവശ്യമായി ചുറ്റിത്തിരിയുന്നവരെ അവിടെനിന്ന് പറഞ്ഞുവിടാന്‍ അങ്ങ് സഹായിക്കുമല്ലോ. അങ്ങ് നേതൃത്വം നല്കുന്നഎല്ലാ തൂഫാന് പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍. നന്ദി.
29/09/2026 സസ്നേഹം
ചങ്ങനാശേരി സിയാന മനോജ്