മുംബൈ: പൂനെയിൽ യുവതിയെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച് കാമുകൻ. ഉജലാദേവി ജസ്വന്ത് സിംഗ് ദോഹ്രെ(22) ആണ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. സംഭവത്തിൽ ദിലീപ് റാത്തോഡ് (22) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഒരുമിച്ച് ജോലി ചെയ്തിരുന്ന ഉജലാദേവിയും ദിലീപും പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിൽ അടുത്തിടെ വഴക്കുണ്ടായി.
കഴിഞ്ഞ ദിവസം ഉജാലദേവി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ ദിലീപ് ബ്ലേഡ് ഉപയോഗിച്ച് ഇവരുടെ കഴുത്ത് മുറിച്ചു. സ്ഥലത്ത് നിന്നും ഓടിരക്ഷപെട്ട ഇവർ ഫോൺ വിളിച്ച് സഹോദരനെ വിവരമറിയിച്ചു.
ആശുപത്രിയിലെത്തിയപ്പോൾ യുവതിക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ആക്രമിയുടെ പേര് പേപ്പറിൽ യുവതി എഴുതി നൽകുകയായിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
യുവതി ഇപ്പോഴും ഒരു സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.