അമ്രേലി: സാന്പത്തിക തർക്കത്തെത്തുടർന്ന് തിരിച്ചുപിടിച്ച വാഹനത്തിൽ ഉറങ്ങുകയായിരുന്ന പതിനാറുകാരനടക്കം രണ്ടു പേർ വെന്തുമരിച്ചു. ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ലിലിയ താലൂക്കിലെ ഗുണ്ടാരൻ ഗ്രാമത്തിനു സമീപം തിങ്കളാഴ്ച അർധരാത്രിയോടെയാണു സംഭവം.
രവി ബാഗേൽ (16), നിതിൻ പച്ചായ (21) എന്നിവരാണു മരിച്ചത്. വാഹനത്തിനുള്ളിൽ ഉറങ്ങുകയായിരുന്ന ഇരുവരും തീപിടിത്തത്തിൽ കുടുങ്ങുകയായിരുന്നു.
വാഹനം തിരിച്ചുപിടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് വിനോദ് ദൊഡിയാർ, സഹോദരൻ രാജു എന്നിവർ ചേർന്ന് ഇന്ധനം ഒഴിച്ച് വാഹനത്തിനു തീയിടുകയായിരുന്നുവെന്നു പൊലിസ് പറഞ്ഞു.
പരാതിക്കാരനായ കമലേഷ് ബാഗേലിന്റെ മകനും സഹോദരപുത്രനുമാണ് മരിച്ചവർ. പ്രതിയായ വിനോദ് തവണ വ്യവസ്ഥയിൽ വാഹനം വാങ്ങിയെങ്കിലും കുടിശിക വരുത്തിയതിനെത്തുടർന്ന് പത്ത് ദിവസം മുന്പ് കമലേഷ് വാഹനം തിരിച്ചെടുത്തിരുന്നു.
60,000 രൂപയുടെ കുടിശികയാണു തർക്കത്തിനു കാരണമായത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലിസ് അറിയിച്ചു.