വൈപ്പിന്‍: കടലില്‍ നിന്ന് നിശ്ചിത വലിപ്പത്തില്‍ കുറഞ്ഞ ചെറുമത്സ്യങ്ങളെ പിടികൂടിയ മത്സ്യബന്ധന ബോട്ട് ഫിഷറീസ് വകുപ്പിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് കസ്റ്റഡിയിലെടുത്തു. മുനമ്പം കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന കരുണാമയന്‍ എന്ന ബോട്ടാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷന് അസിസ്റ്റന്റ് ഡയറക്ടര്‍ എം.എം. ജിബിനയുടെ നേതൃത്വത്തില്‍ മുനമ്പം ഹാര്‍ബറില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഈ ബോട്ട് കുടുങ്ങിയത്. പരിശോധനയില്‍ രണ്ടു ടണ്ണിലധികം തീരെ ചെറിയ കിളിമീനുകള്‍ ബോട്ടില്‍ നിന്നും പിടിച്ചെടുത്തു. ഭക്ഷ്യയോഗ്യമായ മത്സ്യം 28,000 രൂപയ്ക്ക് ലേലം ചെയ്തു. ചെറുമത്സ്യങ്ങള്‍ നശിപ്പിച്ചു.
പിഴ ചുമത്തല്‍ നടപടികള്‍ക്കായി ഫയല്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.പി. സിന്ധുവിനു കൈമാറിയതായി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഗാര്‍ഡുമാരായ ഷൈബിന്, റാഫേല്‍ പിംഗ്സൺ, അനീഷ്, സീ ഗാര്‍ഡുമാരായ ഷെല്ലന്‍, ജിപ്സണ്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.