തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ടു ’കേരളം’ ആക്കാൻ പാഴ്ചെലവോ അധിക സാന്പത്തിക ബാധ്യതയോ സൃഷ്ടിക്കരുതെന്നു വകുപ്പുകൾക്ക് നിർദേശം.
പേരുമാറ്റത്തിന്റെ പേരിൽ ബോർഡുകൾ മാറ്റി സ്ഥാപിക്കേണ്ടതില്ലെന്നും ചെറിയ തിരുത്തൽ മാത്രം വരുത്തിയാൽ മതിയെന്നും വകുപ്പു മേധാവികൾക്കു ചീഫ് സെക്രട്ടറി നൽകിയ നിർദേശത്തിൽ പറയുന്നു. പേരുമാറ്റത്തിന്റെ പേരിൽ ബോർഡുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള ചെലവുകൾ സർക്കാർ അംഗീകരിക്കില്ലെന്നും ഇതുസംബന്ധിച്ചു പുറത്തിറക്കിയ 10 നിർദേശങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.
കേരള എന്നു രേഖപ്പെടുത്തിയ ലെറ്റർഹെഡുകൾ, കവറുകൾ, ഫോമുകൾ, രജിസ്റ്ററുകൾ, ഫയലുകൾ, പ്രസിദ്ധീകരണങ്ങൾ, മറ്റ് സ്റ്റേഷനറി സാധനങ്ങൾ എന്നിവയുടെ നിലവിലെ സ്റ്റോക്ക് തീരും വരെ മഷി ഉപയോഗിച്ചു ’കേരളം’ എന്നു തിരുത്തി ഉപയോഗിക്കണം. പേരുമാറ്റത്തിന്റെ ഭാഗമായി മാത്രം നിലവിലുള്ള സ്റ്റോക്ക് ഉപേക്ഷിക്കുകയോ പുതിയത് അച്ചടിക്കുകയോ ചെയ്യേണ്ടതില്ല.
കേരള എന്ന് രേഖപ്പെടുത്തിയ ഔദ്യോഗിക മുദ്രകൾ, റബർ സ്റ്റാംപുകൾ, സമാന ഉപകരണങ്ങൾ എന്നിവ സാധാരണ നിലയിൽ മാറ്റേണ്ടതില്ല. മഷി ഉപയോഗിച്ചു ആവശ്യമായ തിരുത്തൽ വരുത്തിയാൽ മതി. ദിശാസൂചകങ്ങൾ, നെയിം ബോർഡുകൾ, മൈൽസ്റ്റോണ് എന്നിവിടങ്ങളിൽ പെയിന്റ് ഉപയോഗിച്ച് ഇംഗ്ലീഷിൽ എങ്കിൽ ’എം’ അധികമായി ചേർക്കുകയോ മലയാളത്തിലാണെങ്കിൽ ’0’ എന്നു ചേർക്കുകയോ ചെയ്യണം.
പെയിന്റിംഗ്, അറ്റകുറ്റപ്പണി, മാറ്റി സ്ഥാപിക്കൽ എന്നിവ സ്ഥാപനത്തിൽ നടത്തുന്പോൾ തിരുത്തൽ വരുത്തിയാൽ മതി. തേയ്മാനം, കാലഹരണപ്പെടൽ, കേടുപാട് തുടങ്ങിയ കാരണങ്ങളാൽ മാറ്റി സ്ഥാപിക്കേണ്ടി വന്നാൽ, നടപടിക്രമം പാലിച്ചു മാത്രം മാറ്റം വരുത്തണം.
എല്ലാ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപറേഷനുകൾ, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയവയെ നിർദേശം ഉടൻ അറിയിക്കണം. നിലവിലുള്ളവ ഉപേക്ഷിക്കുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യുന്നതു വഴിയുണ്ടാകുന്ന അധിക ചെലവുകൾ ഇതുവഴി തടയണം. സർക്കാർ വെബ്സൈറ്റുകളിൽ അടക്കം സാന്പത്തിക ബാധ്യത ഇല്ലാത്ത തരത്തിൽ കേരളം ആക്കാൻ നടപടിയെടുക്കണം.
കേരളത്തിന്റെ പേര് കേരളം ആക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. പേരുമാറ്റം മൂലമുണ്ടാകുന്ന കോടികളുടെ അധിക സാന്പത്തിക ബാധ്യത ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.