തിരുവനന്തപുരം: കേരളത്തിലെ കാർഷിക-ഭക്ഷ്യ സംസ്കരണ മേഖലയെ കൂടുതൽ മത്സരക്ഷമമാക്കി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പായി ലോകബാങ്ക് സഹകരണത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന കേര (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ) പ്രോജക്ടിന്റെ ഭാഗമായി "സ്മാർട്ട് ' പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കേര സ്മാർട്ട് പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു.
സംസ്ഥാനത്തെ അഗ്രി-ഫുഡ് രംഗത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ആധുനിക സാങ്കേതികവിദ്യ, ഹരിത വികസനം, വിപണി വികസനം, മൂല്യവർധിത ഉത്പാദനം എന്നിവയിലൂടെ പുതിയ വളർച്ചയിലേക്കു നയിക്കുന്ന പദ്ധതിയായിരിക്കും കേര സ്മാർട്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാർഷികോത്പന്നങ്ങൾ ആധുനിക രീതിയിൽ സംസ്കരിച്ച് ആഭ്യന്തര-കയറ്റുമതി വിപണികളിലേക്ക് എത്തിക്കാൻ ശേഷിയുള്ള അഗ്രി-ഫുഡ് എംഎസ്എംഇകളെ സാമ്പത്തികമായും സാങ്കേതികമായും ശക്തീകരിക്കുന്നതിനായി ഒരു സംരംഭത്തിന് പരമാവധി 1.5 കോടി രൂപ വരെ ഗ്രാന്റ് ലഭ്യമാക്കും.
കുറഞ്ഞത് മൂന്ന് വർഷമായി കേരളത്തിൽ പ്രവർത്തിക്കുന്നതും മികച്ച വികസന സാധ്യതയുള്ളതുമായ എംഎസ്എംഇ യൂണിറ്റുകൾക്കാണ് ആനുകൂല്യം ലഭിക്കുക. പദ്ധതിയുടെ വിശദമായ മാർഗനിർദേശങ്ങളും വിവരങ്ങളും smartkera.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. ഇതിനായി സജ്ജമാക്കിയിട്ടുള്ള ഔദ്യോഗിക അഗ്രി-എംഎസ്എംഇ പോർട്ടലായ smartkera.kerala.gov.in/msme വഴി സംരംഭകർക്ക് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരത്തെ വഴുതക്കാടുള്ള കേരയുടെ സംസ്ഥാന പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റുമായോ കോട്ടയം, തൃശൂർ, കണ്ണൂർ റീജണൽ ഓഫീസുകളുമായോ ബന്ധപ്പെടാം. ഫോണ്‍: 9037824033.