പേരൂർക്കട: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരിക്കുന്ന ദീർഘദൂര ഹ്രസ്വദൂര ട്രെയിനുകളുടെ ടോയ്ലറ്റിൽ നിന്നുള്ള രൂക്ഷഗന്ധം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. അൺ റിസർവ്ഡ് കോച്ചുകളിൽ യാത്ര ചെയ്യുന്ന സ്ഥിരം ട്രെയിൻ യാത്രയിലാണ് ഇത്തരത്തിലുള്ള ദുരിതം അനുഭവിച്ചു വരുന്നത്.
തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ഇൻറർ സിറ്റി എക്സ്പ്രസുകളിലാണ് പ്രശ്നം കൂടുതൽ രൂക്ഷമായി തുടരുന്നത്, പ്രത്യേകിച്ചും തമിഴ്നാട്ടിലേക്ക് പോകുന്ന ട്രെയിനുകളിൽ. തിരുവനന്തപുരത്തുനിന്ന് സ്റ്റാർട്ട് ചെയ്യുന്ന ട്രെയിനുകളിൽ പോലും കയറിപ്പറ്റാൻ സാധിക്കില്ലെന്നും അത്രമാത്രം രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്നുണ്ടെന്നും യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു.
ശുചീകരണ ജോലിക്കാർ ട്രെയിനുകളിലെ ടോയ്ലറ്റുകൾ യഥാവിധി വൃത്തിയാക്കാത്തതാണ് പ്രശ്നത്തിന് കാരണം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും കണ്ണൂരിലേക്കും പോകുന്ന ട്രെയിനുകളിലും അതുപോലെതന്നെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് തമിഴ് നാട്ടിലെ തിരുനെൽവേലി, തിരുച്ചിറപ്പള്ളി നഗരങ്ങളിലേക്കും പോകുന്ന ട്രെയിനുകൾക്കുള്ളിലേക്ക് അടിച്ചു കയറുന്ന ഗന്ധം ഏറെ രൂക്ഷമാണ്.
ട്രെയിൻ യാത്ര തുടങ്ങുന്ന സ്ഥലത്തുനിന്ന് കേറുമ്പോൾ തന്നെ ടോയ്ലറ്റിൽ നിന്നുള്ള ഗന്ധം അനുഭവപ്പെടുന്നത് യാത്രക്കാരെ പിന്നോട്ടടിക്കുന്നു. ഇവരിൽ ചിലരൊക്കെ കോച്ചിന്റെ മധ്യഭാഗത്തേക്ക് ചെന്നിരിക്കും എങ്കിലും ഗന്ധത്തിന് കുറവൊന്നുമില്ല. ടോയ്ലറ്റ് ക്ലീനിംഗ് പ്രത്യക്ഷത്തിൽ മിക്ക ട്രെയിനുകളിലും നടക്കുന്നില്ലെന്നും ട്രെയിൻ യാത്ര തിരിച്ച് രണ്ടുമൂന്ന് സ്റ്റേഷൻ പിന്നിടുമ്പോൾ തന്നെ ദുർഗന്ധം ഇരട്ടിയായി വരുന്നുണ്ടെന്നും ട്രെയിൻ ഓടിക്കൊണ്ടിരിക്കുമ്പോൾ പോലും ഗന്ധം കുറയാത്ത അവസ്ഥ സംജാതമാകുന്നുണ്ടെന്നും യാത്രക്കാർ പരാതിപ്പെടുന്നു.
ചില ഇന്റർ സിറ്റി എക്സ്പ്രസില് വിൻഡോ ഗ്ലാസുകൾ ആയതിനാൽ ഉള്ളിൽ നിന്നുള്ള ബന്ധം പുറത്തേക്ക് പോകുന്നത് കുറയുന്നു. ഇന്റർസിറ്റി എക്സ്പ്രസുകളിൽ പൊതുവേ തിരക്ക് കുറവായതിനാൽ അൺ റിസർവ്ഡ് കോച്ചുകളിൽ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര ചെയ്യാൻ കയറുന്നവർ ഇത്തരം ഒരു ദുരിതം അനുഭവിക്കുന്നത് അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു.