ഫിലഡൽഫിയ: രോഗബാധിതർക്ക് ആശ്വാസവും ഒറ്റപ്പെടുന്നവർക്ക് സ്നേഹസാന്ത്വനവും പകരുക എന്ന ലക്ഷ്യത്തോടെ ഗുഡ് സമരിറ്റൻ കമ്യൂണിറ്റി സ്നേഹതീരത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "സ്നേഹസാന്ത്വനം' സംഗീതസന്ധ്യ ശ്രദ്ധേയമായി.
ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ സഹകരണത്തോടെയും ഗുഡ് സമരിറ്റൻ കമ്യൂണിറ്റി മ്യൂസിക്കൽ ടീമിന്റെ പങ്കാളിത്തത്തോടെയും സംഘടിപ്പിച്ച പരിപാടി ജനപങ്കാളിത്തം കൊണ്ടും അവതരണ മികവുകൊണ്ടും ശ്രദ്ധ നേടി.
ജൂലൈ 12ന് അബിംഗ്ടണിലെ സെന്റ് മേരീസ് കത്തീഡ്രൽ ഹാളിൽ നടന്ന പരിപാടിക്ക് ഫാ. ഡോ. ജോൺസൺ ജോൺ നയിച്ച രോഗശാന്തി പ്രാർഥനയോടെയാണ് തുടക്കമായത്. ജോസ് സക്കറിയ സ്വാഗതം ആശംസിച്ചു.
സൂസൻ ഷിബു വർഗീസ് ആലപിച്ച പ്രാർഥനാഗാനവും റൂബി സേവ്യർ നടത്തിയ ബൈബിൾ വായനയും ആത്മീയ അന്തരീക്ഷം സൃഷ്ടിച്ചു. സാംസൺ ഹെവൻലിയുടെ നേതൃത്വത്തിലുള്ള ഹെവൻലി ബീറ്റ്സ് യുഎസ്എ അവതരിപ്പിച്ച സംഗീതവിരുന്ന് സദസിനെ ആവേശഭരിതരാക്കി.