ഇടവെട്ടി: പഞ്ചായത്ത് നാലാം വാര്‍ഡില്‍ കൂവേക്കുന്ന് ഭാഗത്ത് പേപ്പര്‍ മാലിന്യങ്ങളും പ്ലാസ്റ്റിക്കും ഇടാനായി പഞ്ചായത്ത് സ്ഥാപിച്ച വേസ്റ്റ് ബിന്നില്‍ കുട്ടികള്‍ ഉപയോഗിച്ച സ്നഗിയിട്ട കട്ടപ്പന സ്വദേശിക്ക് 25,000 രൂപ പിഴ.
പൊതു ഇടങ്ങളില്‍ സ്ഥാപിച്ച വേസ്റ്റ് ബിന്നുകള്‍ ആളുകള്‍ ദുരൂപയോഗം ചെയ്യുന്നതുമൂലം ജനപ്രതിനിധികൾ ഇടപെട്ട് നീക്കം ചെയ്തിരുന്നു. സ്നഗി പോലുള്ള മാലിന്യങ്ങൾ ഇടുന്നവരെ കണ്ടെത്താൻ പഞ്ചായത്ത് 19 ഇടങ്ങളില്‍ നിരീക്ഷണ കാമറകളും സ്ഥാപിച്ചു.
കഴിഞ്ഞ ദിവസം ബന്ധുവീട്ടില്‍ എത്തിയ കട്ടപ്പന സ്വദേശികളായ കുടുംബം മടങ്ങുന്നതിനിടയിലാണ് മാലിന്യം ഉപേക്ഷിച്ചത്. വേസ്റ്റ് ബിന്നിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനെത്തിയ ഹരിതകര്‍മസേനാംഗങ്ങളാണ് ദുര്‍ഗന്ധം വമിക്കുന്ന സ്നഗിയടക്കം ബിന്നില്‍നിന്ന് കണ്ടെത്തിയത്. ഇവര്‍ വാര്‍ഡ് അംഗം ടി.എം. മുജീബിനെയും പഞ്ചായത്ത് അധികൃതരെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ അടക്കം നിരീക്ഷണ കാമറകള്‍ പരിശോധിച്ചാണ് മാലിന്യം ഇട്ട വ്യക്തിയെ കണ്ടെത്തി പിഴ ചുമത്തിയത്.