വാൻകൂവർ (കാനഡ): അനായാസ വിജയം കൊതിച്ചെത്തിയ ടർക്കിഷുകാരെ പ്രതിരോധച്ചതുപ്പിൽ മുക്കിത്താഴ്ത്തി സോക്കറൂസ്. കടൽഭിത്തിയിൽ തിരമാലകണക്കേ ഇടവേളയില്ലാതെ ആക്രമണത്തിര തീർത്ത തുർക്കിയെ ബസ് ഇട്ട് പ്രതിരോധിച്ചും കിട്ടിയ അവസരത്തിൽ മർമത്തിൽ പ്രഹരിച്ചും സോക്കറൂസ് വിജയം പിടിച്ചെടുത്തു.
മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഓസ്ട്രേലിയൻ വിജയം. യുവതാരം നെസ്റ്റോറി ഇരങ്കുണ്ടയും റിലി മെറ്റ്കാഫുമായിരുന്നു ഓസ്ട്രേലിയൻ സ്കോറർമാർ. കളിയിൽ 72 ശതമാനം സമയവും തുർക്കിയുടെ കാലിലായിരുന്നു പന്ത്. ഈ ‘സ്റ്റാറ്റിൽ’ തന്നെയുണ്ട് ഓസീസ് പ്രതിരോധക്കടുപ്പം.
തുർക്കിയ സ്വന്തം ഹാഫിലേക്ക് ക്ഷണിച്ച് അവിടെ തളയ്ക്കുകയായിരുന്നു ഓസീസ് ആശാൻ ടോണി പോപോവിച്ച്. ഇതിനിടയിൽ കിട്ടിയ അർഥാവസരം സോക്കറൂസ് മുതലാക്കുകയും ചെയ്തു.
27 ാം മിനിറ്റിൽ പോൾ ഒകോൺ എൻസ്ലർ തുർക്കി പകുതിയിലേക്ക് ലോഫ്റ്റ് ചെയ്ത പന്ത് ഓടിപ്പിടിച്ച ഇറൻകുണ്ട മനോഹരമായ ഫിനിഷിലൂടെ ഓസീസിനായി ആദ്യ വെടിപൊട്ടിച്ചു. പിന്നാലെ തുർക്കി ആക്രമണം വീണ്ടും കടുപ്പിച്ചു. ആർദ ഗുലറുൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ സോക്കറൂസ് ഫൈനൽ തേർഡിൽ പഴുത് തെരഞ്ഞലഞ്ഞു.
ഓസീസ് ഗോൾകീപ്പർ പാട്രിക് ബീച്ച് തുർക്കിയുടെ 30 ഷോട്ടുകളാണ് കളിയിലാകെ തട്ടിയകറ്റിയത്. 75 ാം മിനിറ്റിൽ തുർക്കി മധ്യനിരയുടെ പിഴവിൽനിന്ന് പന്ത് പിടിച്ചെടുത്ത കോണർ മെറ്റ്കാഫ് വീണ്ടും വെടിപൊട്ടിച്ചു. ഒറ്റയ്ക്കു മുന്നേറിയ മെറ്റ്കാഫിന്റെ ലോംഗ് റേഞ്ച് തുർക്കി വലയിൽ (20). ഓസീസിന്റെ ഫസ്റ്റ് ഇലവനിലെ ഗോൾകീപ്പർ ബീച്ചുൾപ്പെടെ 10 പേരുടെയും കന്നി ലോകകപ്പ് മത്സരമായിരുന്നു.