സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തികച്ചും വിചിത്രമായ ഒരു വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. രാവിലെ എഴുന്നേറ്റ് നല്ല തണുത്ത വെള്ളത്തിൽ മുഖം കഴുകി ഉന്മേഷം വീണ്ടെടുക്കുന്നതാണ് നാട്ടുനടപ്പ്.
എന്നാൽ വെള്ളത്തിന് പകരം ഒരു കപ്പ് ചൂട് കാപ്പി കൊണ്ട് മുഖവും കയ്യും കഴുകുന്ന ഒരു യുവാവാണ് ഇപ്പോൾ ഇന്റർനെറ്റിൽ ചർച്ചാവിഷയം. കേൾക്കുമ്പോൾ തന്നെ അവിശ്വസനീയമെന്ന് തോന്നുമെങ്കിലും സംഭവം കാണികളെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്.
റോഡരികിൽ പ്രശസ്ത ബ്രാൻഡായ സ്റ്റാർബക്സിന്റെ കോഫി കപ്പുമായി നിൽക്കുന്ന ഒരാളാണ് വീഡിയോയിലുള്ളത്. തുടക്കത്തിൽ ചെറിയൊരു മടി കാണിച്ചെങ്കിലും, ഒട്ടും വൈകാതെ അയാൾ ആ കപ്പിലെ കാപ്പി കൈകളിലേക്ക് ഒഴിച്ച് സാധാരണ വെള്ളം ഉപയോഗിക്കുന്നത് പോലെ മുഖത്തേക്ക് തളിച്ചു കഴുകാൻ തുടങ്ങി.
ഇത്രയും വിചിത്രമായൊരു കാര്യം ചെയ്യുമ്പോഴും യാതൊരു മടിയുമില്ലാതെ, വളരെ സാധാരണമായ കാര്യമാണ് ചെയ്യുന്നത് എന്ന ഭാവത്തിൽ ഇയാൾ ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വീഡിയോ നിമിഷങ്ങൾക്കകം വൈറലായെങ്കിലും അതിരൂക്ഷമായ വിമർശനങ്ങളാണ് യുവാവിന് നേരെ ഉയരുന്നത്.
വെറും ലൈക്കുകൾക്കും വ്യൂസിനും വേണ്ടി മാത്രം കാണിച്ചുകൂട്ടുന്ന വിലകുറഞ്ഞ കോമാളിത്തരമാണിതെന്നും, പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട മാന്യതയെക്കുറിച്ചോ ഭക്ഷണസാധനങ്ങൾ പാഴാക്കിക്കളയരുതെന്ന ചിന്തയോ ഇയാൾക്കില്ലെന്നുമാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.
സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റാൻ ആളുകൾ അങ്ങേയറ്റം വരെയും പോകുമെന്നതിന്റെ നേർച്ചിത്രമായി മാറിയിരിക്കുകയാണ് ഈ വീഡിയോ.