തിരുവനന്തപുരം: മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയയ്ക്കെതിരേ എഫ്ഡിഎ അംഗീകൃത കാൻസർ മരുന്നായ സോറാഫെനിബ് ഉപയോഗിക്കാമെന്ന് ബ്രിക്-രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ (ബ്രിക്ആർജിസിബി) ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.
ബാക്ടീരിയ കാരണമുണ്ടാകുന്ന ന്യൂമോണിയയ്ക്കും ആന്റിമൈക്രോബിയൽ റെസിസ്റ്റൻസിനും (എഎംആർ) പ്രധാന കാരണങ്ങളിലൊന്നാണ് സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയ. സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയയിലുള്ള ഒരു പ്രധാന റെഗുലേറ്ററി പ്രോട്ടീനെ നിർവീര്യമാക്കാൻ സോറാഫെനിബിന് സാധിക്കുമെന്നാണ് പഠനത്തിലൂടെ കണ്ടെത്തിയത്.
ബ്രിക്-ആർജിസിബിയിലെ ശാസ്ത്രജ്ഞനായ ഡോ. കാർത്തിക് സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ സീനിയർ റിസർച്ച് ഫെലോ ജോയൽ ഏബ്രഹാമും സംഘവുമാണ് പഠനം നടത്തിയത്. അമേരിക്കൻ സൊസൈറ്റി ഫോർ മൈക്രോബയോളജിയുടെ എംബയോ ജേണലിൽ പഠനറിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു.
തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ (ഐസർ) ശാസ്ത്രജ്ഞരുമായും വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ (സിഎംസി) ക്ലിനീഷ്യനുകളുമായും സഹകരിച്ചായിരുന്നു പഠനം.
ശ്വാസകോശ രോഗാണുക്കളെ ചെറുക്കുന്നതിന് ആന്റിബയോട്ടിക്കുകളെ മാത്രം ആശ്രയിക്കാതെ, ബാക്ടീരിയൽ എൻസൈമുകളെ ലക്ഷ്യമിട്ടുള്ള അടുത്ത തലമുറ ആന്റിമൈക്രോബിയൽ ചികിത്സകൾ വേഗത്തിലാക്കാൻ ഈ കണ്ടെത്തലുകൾ സഹായകമാകുമെന്നാണ് വിലയിരുത്തൽ.