മംഗളൂരു: ദക്ഷിണ റെയിൽവേയിൽനിന്നു മംഗളൂരുവിനെയും സമീപ സ്റ്റേഷനുകളെയും ലയിപ്പിക്കുന്നതിനു പിന്നാലെ ഇപ്പോൾ സ്വതന്ത്ര സംവിധാനമായ കൊങ്കൺ റെയിൽവേയെയും സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ ലയിപ്പിക്കാൻ നീക്കം.
മംഗളൂരുവിനു സമീപമുള്ള തോക്കൂർ മുതൽ ഗോവയിലെ തിവിം വരെയുള്ള സ്റ്റേഷനുകൾ സൗത്ത് വെസ്റ്റേൺ റെയിൽവേയിലും അതിനപ്പുറം ഗോവയിലും മഹാരാഷ്ട്രയിലുമുള്ള സ്റ്റേഷനുകൾ സെൻട്രൽ റെയിൽവേയിലും ചേർക്കാനാണു നീക്കം.
ഗോവയിലെ പ്രധാന സ്റ്റേഷനായ മഡ്ഗാവും സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ഭാഗമാകും. ഇതോടെ ബംഗളൂരു ആസ്ഥാനമായ സൗത്ത് വെസ്റ്റേൺ റെയിൽവേ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സോണാകും. കർണാടകയുടെ എല്ലാ ഭാഗങ്ങളും ഗോവയുടെ പ്രധാന ഭാഗങ്ങളും ഈ സോണിന്റെ കീഴിലാകും.
വരുമാനസ്രോതസുകളുടെയും വികസനസാധ്യതകളുടെയും കാര്യത്തിൽ വഴിമുട്ടി നിൽക്കുന്ന കൊങ്കൺ റെയിൽവേ കോർപറേഷനെ മുഖ്യധാരാ റെയിൽവേ സോണുകളിൽ ലയിപ്പിക്കണമെന്ന ആവശ്യം ദീർഘനാളായിയുള്ളതാണ്. മതിയായ വരുമാനസ്രോതസുകളില്ലാത്തതിനാൽ കൊങ്കണിൽ പാത ഇരട്ടിപ്പിക്കുന്നതടക്കമുള്ള പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുകയാണ്.