ഇംഗ്ലണ്ടിലെ പ്രശസ്തമായ യോർക്ക്ഷയർ വൈൽഡ്ലൈഫ് പാർക്കിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവം വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. കടുവയുടെ കൂടിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ വ്യക്തിയാണ് ജീവൻ വെടിഞ്ഞത്.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വൈൽഡ്ലൈഫ് പാർക്കിൽ ഈ അപകടം ഉണ്ടാകുന്നത്. സുരക്ഷാ ക്രമീകരണങ്ങളും വേലികളും കടന്ന് സന്ദർശകൻ എങ്ങനെയാണ് കൂട്ടിലേക്ക് എത്തിയത് എന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.
വിവരം ലഭിച്ചയുടൻ തന്നെ പൊലിസും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്ത് എത്തിച്ചേർന്നിരുന്നുവെങ്കിലും ഗുരുതരമായി പരിക്കേറ്റ ഇയാളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പൊലിസ് പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.
മരിച്ചയാളുടെ പേരുവിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുണ്ട്. ഈ ദാരുണ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും, അവ ഷെയർ ചെയ്യരുതെന്ന് സൗത്ത് യോർക്ക്ഷയർ പൊലിസ് കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ആക്രമണം നടത്തിയ കടുവയ്ക്ക് പരിക്കുകൾ ഒന്നും പറ്റിയിട്ടില്ലെന്നും അത് സുരക്ഷിതമായി കൂട്ടിൽ തന്നെ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് പാർക്ക് താൽക്കാലികമായി അടച്ചുപൂട്ടിയ അധികൃതർ, പൊലിസുമായി ചേർന്ന് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്കിടയിൽ നിലവിൽ മറ്റ് സുരക്ഷാ ഭീഷണികളൊന്നുമില്ല. കടുവയുടെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്നും, വന്യമൃഗങ്ങളുടെ സ്വാഭാവികമായ പ്രതികരണമാണ് ഉണ്ടായതെന്നും സമൂഹമാധ്യമങ്ങളിൽ ആളുകൾ പ്രതികരിക്കുന്നുണ്ട്.
ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ വന്യജീവി പാർക്കുകളിൽ കർശനമായ സുരക്ഷാ സംവിധാനങ്ങൾ വേണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.