ടെക്സസ്: ബഹിരാകാശ വിക്ഷേപണ ചരിത്രത്തിൽ അത്യപൂർവ നേട്ടം സ്വന്തമാക്കി ഇലോൺ മസ്കിന്റെ സ്പേസ് എക്സ്. ഭീമൻ സ്റ്റാർഷിപ്പ് വിക്ഷേപണ സംവിധാനത്തിന്റെ മുകൾഭാഗമായ 171 അടി ഉയരമുള്ള പേടകത്തെ ഭ്രമണപഥത്തിലെ ദൗത്യത്തിനുശേഷം ദക്ഷിണ ടെക്സസിലെ വിക്ഷേപണത്തറയിലുള്ള ‘മെക്കാസില്ല’ ടവറിന്റെ യന്ത്രക്കൈകൾ ഉപയോഗിച്ച് സുരക്ഷിതമായി പിടിച്ചെടുത്തു.
റോക്കറ്റിന്റെ മുകൾഭാഗം വിക്ഷേപണത്തിനുശേഷം വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിൽ വിക്ഷേപണത്തറയിലേക്കുതന്നെ കൃത്യതയോടെ തിരികെയെത്തിച്ച് പിടിച്ചെടുക്കുന്നത് ലോകചരിത്രത്തിൽ ഇതാദ്യമായാണ്.
വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.47നാണ് സ്പേസ് എക്സിന്റെ 15-ാമത് പരീക്ഷണദൗത്യമായ ‘ഫ്ലൈറ്റ് 15’ വിക്ഷേപിച്ചത്. യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ(എഫ്എഎ) രാജ്യവ്യാപകമായി വിമാന സർവീസുകൾ നിർത്തിവച്ച സമയത്തായിരുന്നു വിക്ഷേപണമെങ്കിലും വ്യത്യസ്ത നാവിഗേഷൻ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനാൽ റോക്കറ്റ് വിക്ഷേപണത്തെ ഇതു ബാധിച്ചില്ല.
ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയ സ്റ്റാർഷിപ്പ് പേടകം സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഉപഗ്രഹങ്ങളെ വിന്യസിക്കുകയും 22 മണിക്കൂർ ബഹിരാകാശത്ത് തുടരുകയും ചെയ്തു. ഭൂമിയെ 14 തവണ വലംവച്ച ശേഷമാണു പേടകം പ്രാദേശികസമയം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.20ഓടെ(ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 2.50) ടെക്സസിലെ സ്റ്റാർബേസിലേക്കു തിരിച്ചിറങ്ങിയത്.
അതേസമയം, വിക്ഷേപണത്തിന് തൊട്ടുപിന്നാലെ റോക്കറ്റിന്റെ താഴത്തെ ഭാഗമായ ‘സൂപ്പർ ഹെവി’ ബൂസ്റ്ററിനെയും സമാന രീതിയിൽ ടവറിൽ പിടിച്ചെടുക്കാൻ സ്പേസ് എക്സ് ശ്രമിച്ചെങ്കിലും ഇന്ധനക്കുറവ് കാരണം ആ ശ്രമം ഉപേക്ഷിച്ചു. തുടർന്ന് ബൂസ്റ്ററിനെ കടലിലേക്ക് തിരിച്ചുവിടുകയും സമുദ്രോപരിതലത്തിന് തൊട്ടുമുകളിലായി അതു തീഗോളമായി പതിക്കുകയും ചെയ്തു.