മാഡ്രിഡ്: സ്പെയിനില്‍ 68 പേരുടെ ജീവനെടുത്ത അതിവേഗ റെയില്‍വേ ദുരന്തത്തിന് കാരണം കണ്ട്രോള് റൂമില്‍ നിന്നുണ്ടായ ഗുരുതരമായ പിഴവെന്ന് ഔദ്യോഗിക വെളിപ്പെടുത്തല്‍. മാഡ്രിഡിലെ കണ്ട്രോള് സെന്ററിൽ നിന്ന് ലോക്കോ പൈലറ്റിന് നല്കിയ തെറ്റായ നിര്‍ദേശമാണ് വന്‍ ദുരന്തത്തിന് കാരണമായതെന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്നു.
കണ്ട്രോള് റൂമിന്റെ ഗുരുതര വീഴ്ച
ബുധനാഴ്ച രാവിലെ കമ്പ്യൂട്ടര്‍ തകരാറിനെ തുടര്‍ന്ന് മാഡ്രിഡിനും അന്‍ഡലൂഷ്യയ്ക്കും ഇടയിലുള്ള റെയില്‍ ഗതാഗതം സ്തംഭിച്ചിരുന്നു. തുടര്‍ന്ന് സ്വകാര്യ കമ്പനിയായ 'ഇറിയോ' (Iryo) ട്രെയിനിന് ചുവപ്പ് സിഗ്നല്‍ ലഭിക്കുകയും അത് ട്രാക്കില്‍ നിര്‍ത്തിയിടുകയും ചെയ്തു. എന്നാല്‍ തൊട്ടുപിന്നാലെ എത്തിയ ദേശീയ റെയില്‍ കമ്പനിയായ റെന്‍ഫെ ട്രെയിനിന് സാധാരണ രീതിയില്‍ (മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍) യാത്ര തുടരാന്‍ മാഡ്രിഡിലെ കണ്ട്രോള് സെന്റർ അനുമതി നല്‍കുകയായിരുന്നു.
പൈലറ്റിന്റെ മുന്നറിയിപ്പും അവഗണനയും
ട്രാക്കില്‍ തടസമുണ്ടെന്നും സിഗ്നല്‍ റെഡ് ആണെന്നും ഇറിയോ ട്രെയിനിലെ ലോക്കോ പൈലറ്റ് കണ്ട്രോള് റൂമിനെ വിളിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായി റേഡിയോ സന്ദേശങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോകാന്‍ സെന്റർ നിര്‍ദേശം നല്‍കുകയായിരുന്നു. സിഗ്നല്‍ തകരാറുള്ളപ്പോള്‍ പരമാവധി 40 കിലോമീറ്റര്‍ വേഗതയില്‍ ('ഓണ്‍ സൈറ്റ്' രീതിയില്‍) പോകേണ്ടിയിരുന്നിടത്താണ് 200 കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ അനുമതി നല്‍കിയത്.
യാത്രികരുടെ കണക്ക്
അപകടത്തില്‍പ്പെട്ട ഇറിയോ ട്രെയിനില്‍ 147 പേരും, റെന്‍ഫെ ട്രെയിനില്‍ 397 പേരുമാണ് ഉണ്ടായിരുന്നത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ ട്രെയിന്‍ വാഗണ്‍ പാളം തെറ്റി താഴ്ചയിലേക്ക് മറിയുകയും ഒരു വാഗണ്‍ പൂര്‍ണമായി കത്തിനശിക്കുകയും ചെയ്തു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടയില്‍ പുറത്തുവന്ന ഈ വിവരങ്ങള്‍ സ്പെയിനിലെ റെയില്‍വേ സംവിധാനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള വലിയ ചോദ്യചിഹ്നങ്ങളാണ് ഉയര്‍ത്തുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഏറെ ഞെട്ടലുണ്ടാക്കിയ ഈ വാര്‍ത്ത അതീവ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്.