ചാത്തന്നൂര്‍: കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതി. ഒരു എംഎല്‍എയ്ക്ക് ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മൂന്ന് ബസ് വാങ്ങിനല്‍കാം. ബസുകളുടെ സിറ്റിംഗ് ശേഷി, ഡിസൈന്‍, അനുബന്ധ കാര്യങ്ങള്‍ എന്നിവ കെഎസ്ആര്‍ടിസിസി എംഡിയുമായി ആലോചിച്ച് ജനപ്രതിനിധികള്‍ക്ക് തീരുമാനിക്കാം.
സര്‍വീസ്, റൂട്ട് അലോട്ട്മെന്റ്, പുനര്‍വിന്യാസം തുടങ്ങിയവയുടെ അധികാരം കെഎസ്ആര്‍ടിസിക്കായിരിക്കും. ഓര്ഡിനറിയായോ ഫാസ്റ്റ് പാസഞ്ചറായോ മറ്റ് വിഭാഗത്തിലായോ ഓടിക്കാനുള്ള അധികാരം മാനേജ്മെന്റിനായിരിക്കും. മണ്ഡലങ്ങളില്‍ കൂടുതല്‍ പ്രിയദര്‍ശിനി സര്‍വീസുകള്‍ വേണമെന്ന ജനപ്രതിനിധികളുടെ ആവശ്യം പരിഗണിച്ചും പ്രിയദര്‍ശിനി സര്‍വീസ് വിപുലീകരിക്കുന്നതിന്റെ ഭാഗവുമായാണ് സര്‍ക്കാരിന്റെ പ്രത്യേക അനുമതി നല്‍കിക്കൊണ്ടുള്ള തീരുമാനം.
നിലവില്‍ 3125 ഓര്‍ഡിനറി ബസുകളാണ് പ്രിയദര്‍ശിനി സര്‍വീസുകളായി ഓടുന്നത്. ഇതില്‍ 2000ത്തോളം ബസുകളും തെക്കന്‍ കേരളത്തിലാണ്. മലബാര്‍ മേഖലയില്‍ പ്രിയദര്‍ശിനി സര്‍വീസിന്റെ പ്രയോജനം അര്‍ഹരായവര്‍ക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.