തിരുവനന്തപുരം: സർക്കാർ ആരോഗ്യമേഖലയിൽ നിലനിൽക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ പഠിച്ച് പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതിനായി പൊതുജനാരോഗ്യ വിദഗ്ധനായ ഡോ.എസ്.എസ്. ലാലിനെ സ്പെഷൽ റാപ്പോയായി കം സ്പെഷൽ മോണിറ്ററായി നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ് സർക്കാരിന് നിർദേശം നൽകി.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഉൾപ്പടെ ആരോഗ്യമേഖല നേരിടുന്ന ഗുരുതര പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സ്വകാര്യ ആരോഗ്യമേഖലയിൽ ആഗോള ഭീമൻമാർ കോടികൾ നിക്ഷേപിക്കുന്ന സാഹചര്യത്തിൽ സാധാരണക്കാർ മാത്രമല്ല മധ്യവർഗത്തിലെ അടിസ്ഥാന വിഭാഗവും സർക്കാർ ആരോഗ്യ മേഖലയെ ആശ്രയിക്കുന്ന കാലം വിദൂരമല്ലെന്നും ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. ഇൻഷ്വറൻസ് ഇല്ലെങ്കിൽ സ്വകാര്യ ചികിത്സാ കേന്ദ്രങ്ങളിൽ ചികിത്സയില്ലാതാവുന്ന കാലം വന്നുചേരാം. ഏകദേശം ഒരു ബില്യൺ യുഎസ് ഡോളർ സംസ്ഥാനത്തെ സ്വകാര്യ ആരോഗ്യ മേഖലയിൽ ആഗോള സ്ഥാപനങ്ങൾ മുടക്കിയിട്ടുണ്ടെന്ന് മാധ്യമങ്ങളിൽ നിന്നും മനസിലാക്കുന്നതായി ഉത്തരവിൽ പറഞ്ഞു.
സംസ്ഥാനാടിസ്ഥാനത്തിലുള്ള വിവിധ ഏജൻസികളും ഉദ്യോഗസ്ഥരുമായി ഡോ. ലാൽ ചർച്ച നടത്തി വിഷയങ്ങൾ ആഴത്തിൽ പഠിച്ച് നിരീക്ഷണങ്ങളും വിലയിരുത്തലും നിർദേശങ്ങളും അടങ്ങുന്ന ഇടക്കാല റിപ്പോർട്ട് പരമാവധി രണ്ടു മാസത്തിനകം കമ്മീഷന് സമർപ്പിക്കണം.
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രഫസർ ഡോ. അൽതാഫിന്റെ സേവനം ഡോ. ലാലിന് സ്വീകരിക്കാം. മറ്റൊരു വിദഗ്ധനെ ഡോ. ലാലിന്റെ നിർദേശം പരിഗണിച്ച് എൻഎച്ച്എം ഡയറക്ടർ നൽകണം. സ്പെഷൽ മോണിറ്റർക്ക് ആവശ്യമുള്ള സൗകര്യങ്ങൾ സർക്കാർ നൽകണം. ആരോഗ്യ വിദഗ്ധരായ ഡോ. രാമൻകുട്ടി, ഡോ. ബി ഇക്ബാൽ, ഡോ. എം.ഐ. ജുനൈദ് റഹ്മാൻ എന്നിവരുടെ നിർദേശങ്ങളും റാപ്പോ സ്വീകരിക്കണം.
മികച്ച ചികിത്സ ഭരണഘടനാദത്തമായ അവകാശമാണെന്നിരിക്കേ ആരോഗ്യമേഖലയിൽ ഒരു പുതിയ കേരള മോഡൽ എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്നും ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. തിരുവനന്തപുരം കോർപറേഷനിലെ മാലിന്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ശ്രമങ്ങളുടെ ഭാഗമായി മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിനെ കമ്മീഷൻ സ്പഷൽ റാപ്പോയായി അടുത്തകാലത്ത് നിയമിച്ചിരുന്നു.