ന്യൂഡൽഹി: അരുണാചൽ പ്രദേശ്, മിസോറം, ഒഡീഷ, സിക്കിം സംസ്ഥാനങ്ങളിലും ചണ്ഡിഗഡ്, ദാദ്ര - നഗർ ഹവേലി കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർപട്ടികയുടെ പ്രത്യേക പുതുക്കൽ നടപടികൾക്ക് (എസ്എസ്ആർ) കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവിട്ടു.
വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണ(എസ്ഐആർ) ത്തെത്തുടർന്ന് ഏകദേശം ഒരു വർഷത്തോളമായി എസ്എസ്ആർ നടപടികൾ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർത്തിവച്ചിരിക്കുകയായിരുന്നു.
കേരളം ഉൾപ്പടെയുള്ള 13 സംസ്ഥാനങ്ങളിൽ എസ്ഐആർ നടപടികൾ പൂർത്തിയായതിനെത്തുടർന്ന് കഴിഞ്ഞ 15ന് അവിടെയെല്ലാം പ്രത്യേക വോട്ടർ പട്ടിക പുതുക്കലിന് കമ്മീഷൻ നിർദേശം നൽകിയിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും കൂടി ഈ നടപടി വ്യാപിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.