കൊച്ചി: മൂന്നാറിലെയടക്കം ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് രൂപീകരിക്കണമെന്ന നിര്‍ദേശവുമായി ഹൈക്കോടതി. 2003 മുതല്‍ വിവിധ സമിതികള്‍ സമര്‍പ്പിച്ച ആറോളം റിപ്പോര്‍ട്ടുകള്‍ നടപടിയൊന്നുമില്ലാതെ കെട്ടിക്കിടക്കുകയാണെന്ന് വിലയിരുത്തിയാണ് ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശം മുന്നോട്ടുവച്ചത്.
റവന്യൂ, പൊലിസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും കോടതി നിശ്ചയിക്കുന്ന അഭിഭാഷകരും അമിക്കസ് ക്യൂറിയും അടങ്ങുന്ന കര്മസമിതിയിലേക്കു നിയോഗിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥരുടെ പേരുകള്‍ 29നകം സര്‍ക്കാര്‍ സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ആറുമാസമെങ്കിലും ഈ സമിതിക്കു മാത്രമായി ഉദ്യോഗസ്ഥരെ വിട്ടുനല്‍കുകയും നിയമപരമായ അധികാരങ്ങളും ചുമതലകളും അനുവദിക്കുകയും വേണം.
വ്യാജ പട്ടയങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് (എസ്ഐടി) പുറമെയാണു ടാസ്ക് ഫോഴ്സ് രുപീകരണം. പഴയ റിപ്പോര്‍ട്ടുകളിലെ നിര്‍ദേശങ്ങള്‍ പരിശോധിച്ചു നടപ്പിലാക്കുകയാകും ഇവരുടെ പ്രധാന ചുമതല. അഡീ. ചീഫ് സെക്രട്ടറിയുടെമുതല് ലാന്‍ഡ് ബാങ്ക് സ്പെഷ്യല്‍ ഓഫീസറുടെവരെ റിപ്പോര്‍ട്ടുകളില്‍ പ്രശ്നപരിഹാരത്തിനുള്ള വ്യക്തമായ നിര്‍ദേശങ്ങളുണ്ടായിട്ടും അവയൊന്നും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്ന് ഉത്തരവില്‍ പറയുന്നു.
റിപ്പോര്‍ട്ടുകള്‍ പരിഗണിക്കാതിരിക്കുന്നത് നിക്ഷിപ്ത താത്പര്യക്കാര്‍ക്ക് ഗുണകരമാകുകയാണു ചെയ്യുന്നതെന്നും കോടതി വിലയിരുത്തി. മൂന്നാറിലെ ഭൂമി കൈയേറ്റങ്ങള്‍ക്കെതിരേ വണ്‍ എര്‍ത്ത് വണ്‍ ലൈഫ് നല്കിയ പൊതുതാത്പര്യ ഹര്‍ജിയാണ് കോടതിയുടെ പരിഗണയിലുള്ളത്.