ചിലന്തികൾ സ്വപ്നം കാണുന്നുണ്ടോ? ചോദ്യം കൗതുകകരമായി തോന്നാം. ചിലന്തികളെക്കുറിച്ചുള്ള പുതിയ പഠനം ആരെയും അതിശയിപ്പിക്കുന്നതാണ്! ഉറക്കത്തിൽ ചിലന്തികൾ കാലുകൾ ചുരുട്ടുകയോ, കണ്ണുകൾ ചലിപ്പിക്കുകയോ ചെയ്യുന്നുണ്ടോ? അങ്ങനെയെങ്കിൽ, ചിലന്തികൾക്കും മനുഷ്യരെപ്പോലെ സങ്കീർണമായ നിദ്രാഘട്ടങ്ങളുണ്ടെന്നു ഗവേഷകർ പറയുന്നു. അന്താരാഷ്ട്ര ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിച്ച പഠനം, ചിലന്തികളുടെ ഉറക്കത്തെക്കുറിച്ചുള്ള ആദ്യത്തെ സന്പൂർണ പഠനങ്ങളിലൊന്നാണ്. കൗതുകകരമായ വിവരങ്ങളാണു ഗവേഷകർ വെളിപ്പെടുത്തുന്നത്.
മനുഷ്യരിലെ ആർഇഎം (റാപ്പിഡ് ഐ മൂവ്മെന്റ്) ഉറക്കത്തിനു സമാനമായ ഘട്ടത്തിലേക്ക്, ജമ്പിംഗ് സ്പൈഡറുകൾ പ്രവേശിക്കുന്നുണ്ട്. നിദ്രയുടെ ഈ ഘട്ടത്തിലാണു സാധാരണയായി മനുഷ്യർ സ്വപ്നം കാണുന്നത്. ജർമനി ബോൺ സർവകലാശാലയിലെ ഇക്കോളജിസ്റ്റായ ഡാനിയേല റോസ്ലറുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം.
ലോക്ക്ഡൗൺ കാലത്താണ് റോസ്ലർ തന്റെ പഠനങ്ങൾക്കു തുടക്കമിടുന്നത്, അതും അപ്രതീക്ഷിതമായി! ജനാലയ്ക്കരികിലെ ജമ്പിംഗ് സ്പൈഡറുകൾ വലയിൽ തലകീഴായി, നിശ്ചലമായി തൂങ്ങിക്കിടക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നുള്ള നിരീക്ഷണങ്ങളിലാണു ചിലന്തികൾ കാലുകൾ അനക്കുന്നതും കണ്ണുകൾ ചലിപ്പിക്കുന്നതുമായ ഘട്ടങ്ങൾ ഗവേഷകയ്ക്കു തിരിച്ചറിയാൻ കഴിഞ്ഞത്.