കൊച്ചി: പാസ്പോര്‍ട്ടില്‍നിന്നു ജീവിതപങ്കാളിയുടെ പേര് നീക്കാന്‍ വിവാഹമോചന ഉത്തരവ് ഹാജരാക്കേണ്ടതില്ലെന്നു ഹൈക്കോടതി.
പാസ്പോര്‍ട്ട് ചട്ടത്തില്‍ ഇത്തരത്തിലൊരു നിര്‍ദേശമില്ലെന്ന് വിലയിരുത്തിയാണ് ത്വലാഖ് വഴി വിവാഹമോചനം നേടിയ തൃശൂര്‍ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയുടെ ഹര്‍ജിയില്‍ ജസ്റ്റീസ് മുരളി പുരുഷോത്തമന് ഉത്തരവിട്ടത്.
മുന്‍ ഭര്‍ത്താവിന്റെ പേര് നീക്കാന്‍ കോടതിയില്‍നിന്നുള്ള വിവാഹമോചന ഉത്തരവ് ഹാജരാക്കണമെന്ന പാസ്പോര്‍ട്ട് അധികൃതരുടെ നിര്‍ദേശം ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.
പങ്കാളിയുടെ പേര് നീക്കാന്‍ കോടതി ഉത്തരവ് ആവശ്യമാണെന്നതു സംബന്ധിച്ച് 2024ല്‍ ഓഫിസ് മെമ്മോറാണ്ടം പുറപ്പെടുവിച്ചിട്ടുണ്ടെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം.
എന്നാൽ, പാസ്പോര്‍ട്ട് ചട്ടത്തില്‍ ഇത്തരമൊരു നിര്ദേശമില്ലെന്നത് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരിയുടെ അപേക്ഷ വീണ്ടും പരിഗണിച്ച് ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാന്‍ പാസ്പോര്‍ട്ട് അഥോറിറ്റിക്കു കോടതി നിര്‍ദേശം നല്കി.