കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സസ്പെൻഷൻ വിവാദത്തിൽ നിലപാട് വ്യക്തമാക്കി എസ്എഫ്ഐ. മാപ്പപേക്ഷ നൽകിയാൽ വിദ്യാർഥികൾക്ക് തിരിച്ചുകയറാമെന്ന് സിൻഡിക്കറ്റ് വ്യക്തമാക്കിയിരുന്നു. എന്നാൽ മാപ്പപേക്ഷ നൽകി തിരിച്ചുകയറാനില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു.
സസ്പെൻഷനിലായ 16 വിദ്യാർഥികളിൽ 12 പേരെ മാപ്പപേക്ഷ നൽകിയാൽ തിരിച്ചെടുക്കാമെന്നായിരുന്നു സർവകലാശാല സിൻഡിക്കറ്റിന്റെ തീരുമാനം. എന്നാൽ ഈ നിബന്ധന അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് എസ്എഫ്ഐ. മാപ്പപേക്ഷ നൽകി തിരിച്ചുകയറുന്നത് സമരത്തിന്റെ നിലപാടിൽ നിന്നുള്ള പിന്മാറ്റമാകുമെന്നാണ് സംഘടനയുടെ നിലപാട്.
അതേസമയം എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ് എന്നിവരടക്കം നാല് വിദ്യാർഥികൾക്കെതിരായ സസ്പെൻഷൻ നടപടി പിൻവലിക്കില്ലെന്നും സിൻഡിക്കറ്റ് വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് 12 വിദ്യാർഥികളെയും മാപ്പപേക്ഷ സമർപ്പിച്ചാൽ മാത്രമേ തിരിച്ചെടുക്കുകയുള്ളൂ.
വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകുന്ന കാര്യത്തിലും സിൻഡിക്കറ്റ് അന്തിമ തീരുമാനമെടുത്തിട്ടില്ല. കോടതിയുടെ ഉത്തരവിന് അനുസരിച്ചായിരിക്കും ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുക. വിഷയത്തിൽ കോടതിയുടെ തീരുമാനം ചൊവ്വാഴ്ചയാണ് വരാനിരിക്കുന്നത്.
സർവകലാശാലയിൽ സമരം ചെയ്തതിന്റെ പേരിൽ 16 വിദ്യാർഥികളാണ് കഴിഞ്ഞ 64 ദിവസമായി സസ്പെൻഷനിൽ തുടരുന്നത്. അതേസമയം വിദ്യാർഥികൾ ഉടൻ നിരാഹാര സമരം തുടങ്ങും.