‘സ്വര്‍ഗ നന്ദിനി സ്വപ്ന വിഹാരിണിഇഷ്ടദേവതേ സരസ്വതി...’ ലങ്കാദഹനം എന്ന ചിത്രത്തിലെ ഈ ഗാനത്തിന്റെ അനുപല്ലവിയില്‍ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി എഴുതുന്നു.
‘സ്വരമായ് നാവില്‍ നാദമായ് തന്ത്രിയില്‍ പദമായ് തൂവലില്‍ വാണരുളുക നീ വാണീമണി വരദായിനി....’
1971ല്‍ പുറത്തിറങ്ങിയ ലങ്കാദഹനം എന്ന ശശികുമാര്‍ ചിത്രത്തിനുവേണ്ടി ഈ ഗാനം എഴുതുമ്പോള്‍ ശ്രീകുമാരന്‍ തമ്പിയുടെ പ്രായം വെറും 31 വയസാണ്.
ഗാനത്തിന്റെ പല്ലവിയില്‍ ശ്രീകുമാരന്‍ തമ്പി എഴുതിയിരിക്കുന്നത്. ഇഷ്ടദേവതേ സരസ്വതി... എന്നാണ്. എം. എസ്. വിശ്വനാഥന് ഗാനത്തിനു സംഗീതം പകരുമ്പോള്‍ ‘ഇഷ്ടദേവതേ സരസ്വതി...’എന്ന് രണ്ട് പ്രാവശ്യം ആവര്‍ത്തിക്കുന്നുമുണ്ട്.
തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ പൂജപ്പുര ശ്രീ സരസ്വതി ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബര്‍ 11ന് ആരംഭിച്ചു. വൈകുന്നേരം നടന്ന ചടങ്ങില്‍ പൂജപ്പുര ശ്രീ സരസ്വതി ദേവി ക്ഷേത്ര ജനകീയ സമിതിയുടെ വാണീമണി പുരസ്കാരം ഏറ്റുവാങ്ങാന്‍ ശ്രീകുമാരന്‍ തമ്പി എത്തിച്ചേരുകയും ചെയ്തു.
വാണീമണി വരദായിനി... എന്ന് 55 വര്‍ഷം മുമ്പ് കുറിച്ച അതേ ശ്രീകുമാരന്‍ തമ്പിയാണ് മൂന്നാമത്തെ വാണീമണി പുരസ്കാരം ഏറ്റുവാങ്ങിയത്. 1971ല്‍ ശ്രീകുമാരന്‍ തമ്പിക്ക് ആദ്യമായി മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ലഭിക്കുന്നത് ‘ലങ്കാദഹനത്തി’ലെയും ‘വിലയ്ക്കുവാങ്ങിയ വീണ’യിലെയും പാട്ടെഴുത്തിനാണെന്നത് മറ്റൊരു സവിശേഷത.
അവാര്‍ഡ് സമര്‍പ്പിച്ച മന്ത്രി കെ. മുരളീധരന് മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി അന്നു പങ്കുവച്ചു. 1971ല്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രിയായിരുന്ന അച്ഛന് കെ. കരുണാകരനാണ് ശ്രീകുമാരന്‍ തമ്പിയുടെ ആദ്യ അവാര്‍ഡ് പ്രഖ്യാപിച്ചതെന്ന സത്യം. അവാര്‍ഡ് സ്വീകരിച്ച ശ്രീകുമാരന്‍ തമ്പി സദസിനു മുന്നില്‍, സിനിമയ്ക്കുവേണ്ടി താന്‍ രചിച്ച മൂന്ന് ദേവീസ്തുതികളുടെ ആദ്യ വരികള്‍ ആലപിച്ചു. ‘മറുനാട്ടില്‍ ഒരു മലയാളിയിലെ ‘മനസിലുണരു ഉഷ സന്ധ്യയായി.... ‘ലങ്കാദഹനത്തിലെ’ സ്വര്‍ഗനന്ദിനി... ദിവ്യ ദര്‍ശനം എന്ന ചിത്രത്തിലെ ‘ആകാശരൂപിണി അന്നപൂര്‍ണേശ്വരി.... എന്നീ ഗാനങ്ങള്‍. കുട്ടിക്കാലം മുതലേ താന്‍ സരസ്വതീദേവിയുടെ, അക്ഷരദേവതയുടെ ഭക്തനാണെ ന്നും അദ്ദേഹം പറഞ്ഞു.
ഇനി ഈ ഗാനത്തിന്റെ സംഗീതസൃഷ്്ടിയിലേക്ക് വരാം. ശ്രീകുമാരന്‍ തമ്പിക്ക് വലിയ ആത്മബന്ധമുള്ള എം. എസ്. വിശ്വനാഥനാണ് സംഗീതസംവിധായകന്. കല്യാണി രാഗത്തില്‍ സെമി ക്ലാസിക്കല്‍ ശൈലിയില്‍ സൃഷ്ടിച്ചതാണ് ഗാനം. സിനിമയിലെ ഗാനരംഗത്തെക്കുറിച്ച് അറിയുന്നത് ഏറെ രസകരമാണ്. കെ.പി. കൊട്ടാരക്കര നിര്‍മിച്ച ചിത്രത്തില്‍ സിഐഡി ഓഫീസറാണ് പ്രേംനസീര്‍ ജീവന് പകരുന്ന ജയശങ്കര്‍. രാഗിണിയെ (വിജയശ്രീ) തട്ടിക്കൊണ്ടു പോയ രാജ്യദ്രോഹസംഘത്തെ കണ്ടുപിടിക്കാന്‍ സംഗീത അധ്യാപകന്റെ (അപ്പുണ്ണി മാഷ് ) വേഷത്തില്‍ എത്തുന്ന ജയശങ്കര്‍ പാടുന്ന ഗാനമാണിത്.
കൊള്ളസംഘത്തിലകപ്പെട്ട രാഗിണിയാണ് പ്രധാന നര്‍ത്തകി. വേഷംമാറി വരുന്ന പ്രേംനസീറിന്റെ ഭാര്യ രാഗിണി (മഹേശ്വരി എന്ന കഥാപാത്രം), പിന്നെ രാഗിണി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കലാവിദ്യാലയം പഞ്ചവടിയുടെ ഉടമ ജോസ് പ്രകാശ്, വേഷപ്രച്ഛന്നനായി വന്നിരിക്കുന്ന പ്രേംനസീറിന്റെ അസിസ്റ്റന്റായ അടൂര്‍ ഭാസി (മത്തായി) എന്നിവര്‍ കസേരയില്‍ ഇരുന്ന് നൃത്തം ആസ്വദിക്കുന്നു.
താഴെ നിലത്ത് വിരിച്ച പായയിലിരുന്നാണ് പ്രേംനസീറിന്റെ ആലാപനം. വയലിന്, മൃദംഗം, വീണ എന്നീ അകമ്പടി വാദ്യങ്ങളും നട്ടുവാങ്കവുമുണ്ട്. താളവാദ്യ കലാകാരന്മാരെയും വലിയ പ്രാധാന്യത്തോടെ രംഗത്ത് കാണിക്കുന്നുണ്ട്. ശരിയ്ക്കൊരു നൃത്ത അവതരണത്തിന്റെ എല്ലാ താളപശ്ചാത്തലവും ഗാനത്തിലുടനീളം കാണാം. പാട്ടിനിടയില്‍ മനോധര്മസ്വരങ്ങള് ധാരാളമായി പാടുന്നുണ്ട്. ഇവിടെ ഗാനഗന്ധര്വന് യേശുദാസ് ആണോ പ്രേംനസീര്‍ ആണോ പാടുന്നതെന്ന് പ്രേക്ഷകര്‍ക്ക് സംശയം തോന്നുന്ന തരത്തിലാണ് നസീറിന്റെ അഭിനയം.
ശ്രീകുമാരന്‍ തമ്പിയിലേക്ക് വീണ്ടും മടങ്ങിയെത്തിയാല്‍ ഗാനരചനയുടെ ആദ്യ കാലയളവില്‍ ഗാനരചയിതാവ് നടത്തുന്ന ഒരു പ്രാര്‍ഥന പോലെ ഈ ഗാനത്തെ കാണാം. തന്റെ നാവില്‍ സ്വരമായും തന്ത്രിയില്‍ നാദമായും നിറയാന്‍ വാഗ്ദേവതയോട് അപേക്ഷിക്കുകയാണു കവി. 1971 ലെ ആ പ്രാര്‍ഥന സാക്ഷാത്കരിക്കുന്നതാ ണ് മലയാളം ഇപ്പോള്‍ കാണുന്നത്. ശ്രീകുമാരന്‍ തമ്പിയുടെ ഗാനരചനയുടെ ഷഷ്ടിപൂര്‍ത്തി വര്‍ഷമാണിത്.
(1966 ല്‍ റിലീസായ പി. സുബ്രഹ്മണ്യത്തിന്റെ കാട്ടുമല്ലികയാണ് ആദ്യ സിനിമ)ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന എല്ലാ അവാര്‍ഡുകളും വാണിമണി പുരസ്കാരം നല്കിയ അക്ഷരദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രം എന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
വയലാറും പി. ഭാസ്കരനും ഒ. എന്‍.വിയും എഴുതിത്തുടങ്ങിയ കാലത്തുതന്നെ സ്വന്തം സിംഹാസനം തീര്‍ത്ത കവിയാണ് ശ്രീകുമാരന്‍ തമ്പി. സ്വര്‍ഗനന്ദിനി എന്ന ഗാനത്തിന്റെ ചരണത്തില്‍ രാഗവും നീയേ.. താളവും നീയേ.. എന്നു പാടുന്നുണ്ട് ശ്രീകുമാരന്‍ തമ്പി. ഭാവവും ലയവും ശ്രുതിയും എല്ലാം ദേവി തന്നെ എന്ന് തുടരുന്നു. ‘കാലം നമിക്കും കേളികലയിലെ കണികയായി ഞാനീ സ്വരം അലിയേണം..’അങ്ങനെയാണ് ഗാനത്തിന്റെ ചരണം അവസാനിക്കുന്നത്. കാലത്തിന്റെ കണികയായി, മലയാള ചലച്ചിത്ര ലോകത്തെ ജീവിക്കുന്ന ഇതിഹാസമായി കവിയും ഗാനരചയിതാവും സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തുമായ ശ്രീകുമാരന്‍ തമ്പി ഇവിടെ തുടരുന്നു.