കട്ടപ്പന: നാടിന്റെ വളർച്ചയിൽ സെന്റ് ജോൺ ഓഫ് ഗോഡ് സന്യാസ സമൂഹത്തിന്റെ പങ്ക് വലുതാണെന്നു ഡീൻ കുര്യാക്കോസ് എംപി. കട്ടപ്പന പ്രതീക്ഷാഭവൻ സുവർണ ജൂബിലി ആഘോഷ പരിപാടികൾ സെന്റ് ജോൺസ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ ജോസ് പുളിക്കൽ യോഗത്തിൽ അധ്യക്ഷനായിരുന്നു.
പ്രതീക്ഷാഭവൻ ചാപ്പലിൽ മാർ ജോസ് പുളിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെയാണ് ആഘോഷങ്ങൾക്കു തുടക്കമായത്.
ഹൈറേഞ്ചിന്റെ വല്യച്ചൻ എന്നറിയപ്പെടുന്ന ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസ് താൻഹോയ്സറിന്റെ ദീർഘവീക്ഷണത്തിൽ 1976ൽ കട്ടപ്പനയിൽ ആരംഭിച്ച സെന്റ് ജോൺ ഓഫ് ഗോഡ് പ്രതീക്ഷാഭവന്റെ സുവർണ ജൂബിലി വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. യോഗത്തിൽ പ്രതീക്ഷാഭവന്റെ വെബ്സൈറ്റ് ലോഞ്ച് ചെയ്തു. അന്തേവാസികളെയും സ്തുത്യർഹമായ സേവനം നൽകിയവരെയും ചടങ്ങിൽ ആദരിച്ചു. പ്രതീക്ഷാഭവൻ ഡയറക്ടർ ബ്രദർ ആരോഗ്യരാജ്, സെന്റ് തോമസ് പ്രൊവിൻസ് ഇന്ത്യ പ്രൊവിൻഷ്യൽ ബ്രദർ വിൻസെന്റ് കൊച്ചാംകുന്നേൽ, കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി, സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സുപ്പീരിയർ ജനറൽ സിസ്റ്റർ നിർമല കുര്യാക്കോസ്, പ്രതീക്ഷാഭവൻ മുൻ ഡയറക്ടർ ബ്രദർ ജോസ് മാത്യു, സെന്റ് ജോൺസ് ഹോസ്പിറ്റൽ ഡയറക്ടർ ബ്രദർ ബൈജു വാലുപറമ്പിൽ, സെന്റ് ജോൺ ഓഫ് ഗോഡ് പ്രതീക്ഷാഭവൻ ഫോർ വുമൺ ഇൻ ചാർജ് സിസ്റ്റർ ലിസ് മരിയ തുടങ്ങിയവർ സംസാരിച്ചു.
സെന്റ് ജോൺസ് കോളജ് ഓഫ് നഴ്സിംഗ് വിദ്യാർഥികളുടെ പ്രയർ ഡാൻസും കലാപരിപാടികളും അരങ്ങേറി.