ഫ്ലോറിഡ: ഒരു മാസം പ്രായമുള്ള ആൺകുഞ്ഞിന്റെ മരിച്ച സംഭവത്തിൽ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഗബ്രിയേല ഡാനിയൽസ് (21), ആഷ്ടൺ കുറാന്റ് (20) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ചയാണ് കുഞ്ഞിനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുഞ്ഞിന്റെ ശരീരത്തിൽ പലയിടങ്ങളിലായി ചതവുകളും പോറലുകളും മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.
മരണത്തിന് ആറ് ദിവസം മുൻപ് ശിശുക്ഷേമ വകുപ്പ് പരിശോധിച്ചപ്പോൾ കുഞ്ഞിന് പരിക്കുകൾ ഒന്നുമുണ്ടായിരുന്നില്ല. ലഹരി ഉപയോഗിച്ച നിലയിലാണ് കുഞ്ഞിനെ പരിചരിച്ചിരുന്നതെന്ന് പിതാവ് സമ്മതിച്ചതായി പോലീസ് പറഞ്ഞു.
കുഞ്ഞിന്റെ ഭക്ഷണക്രമത്തെക്കുറിച്ചും മറ്റും മാതാപിതാക്കൾ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം ദമ്പതികൾക്കെതിരേ കൂടുതൽ കുറ്റങ്ങൾ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.