കവൻട്രി: മിഡ്ലൻഡ്സിലെ മലയാളി സമൂഹത്തിന്റെ കലാ-സാംസ്കാരിക കൂട്ടായ്മയ്ക്ക് വീണ്ടും ആവേശകരമായ അരങ്ങൊരുങ്ങുന്നു.
സെന്റ് ജോൺസ് ട്രാവൽസ് ടൈറ്റിൽ സ്പോൺസറായെത്തുന്ന യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയണൽ കലാമേള ഒക്ടോബർ 10ന് കവൻട്രിയിൽ നടക്കും.
കവൻട്രിയിലെ കർദിനാൾ വൈസ്മാൻ കാത്തലിക് സ്കൂളിലെ ഷേക്സ്പിയർ നഗറിലാകും ഇക്കുറിയും റീജിയണൽ കലാമേളയ്ക്ക് വേദിയൊരുങ്ങുക.
മിഡ്ലാൻഡ്സിലെ 26 മലയാളി അസോസിയേഷനുകളിൽ നിന്നുള്ള മത്സരാർഥികളാണ് വിവിധ കലാ ഇനങ്ങളിൽ മാറ്റുരയ്ക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിലെ കലാമേളകൾ വിജയകരമായി സംഘടിപ്പിച്ചതിലൂടെ സംഘാടകർ നേടിയ വിശ്വാസവും അംഗീകാരവുമാണ് ഇത്തവണയും അതേ വേദി തന്നെ ലഭിക്കുന്നതിന് വഴിയൊരുക്കിയത്.
വലിയ ജനപങ്കാളിത്തമുള്ള പരിപാടി ചിട്ടയോടെയും ഉത്തരവാദിത്തത്തോടെയും സംഘടിപ്പിച്ചതിലുള്ള സ്കൂൾ മാനേജ്മെന്റിന്റെ സംതൃപ്തി യുക്മ മിഡ്ലൻഡ്സ് റീജിയണിന്റെ സംഘാടക മികവിനുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.
പ്രശസ്ത നാടകകൃത്ത് വില്യം ഷേക്സ്പിയറിന്റെ ജന്മസ്ഥലമായ സ്ട്രാറ്റ്ഫോർഡ്- അപോൺ - ആവൺ സ്ഥിതി ചെയ്യുന്ന മിഡ്ലാൻഡ്സിന്റെ കലാ - സാംസ്കാരിക പൈതൃകത്തെ മലയാളികളുടെ കലാമേളയുമായി ബന്ധിപ്പിച്ചുകൊണ്ട് കഴിഞ്ഞ വർഷം നൽകിയ "ഷെയ്ക്സ്പിയർ നഗർ' എന്ന പേര് ഇത്തവണയും തുടരും.
കഴിഞ്ഞ വർഷം അഞ്ച് വേദികളിലായി 750-ഓളം മത്സരാർഥികളാണ് പങ്കെടുത്തത്. ഇത്തവണയും മത്സരങ്ങൾ അഞ്ച് വേദികളിലായാണ് നടക്കുന്നത്.
കേരളത്തിന്റെ ജലസമ്പത്തിന്റെയും പ്രകൃതി വൈവിധ്യത്തിന്റെയും ഓർമകൾ ഉണർത്തുന്ന തരത്തിൽ കേരളത്തിലെ നദികളുടെയും കായലുകളുടെയും പേരുകളാണ് അഞ്ച് വേദികൾക്ക് നൽകാൻ യുക്മ മിഡ്ലൻഡ്സ് റീജണൽ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
സ്റ്റേജ് 1 - വേമ്പനാട് വേദി, സ്റ്റേജ് 2 - അഷ്ടമുടി വേദി, സ്റ്റേജ് 3 - പമ്പാ വേദി, സ്റ്റേജ് 4 - പെരിയാർ വേദി, സ്റ്റേജ് 5 - കബനി വേദി.
കോവിഡ്-19ന് ശേഷം തുടർച്ചയായി നാല് വർഷവും യുക്മ ദേശീയ കലാമേളയിലും കായികമേളയിലും ചാമ്പ്യൻമാരായ മിഡ്ലാൻഡ്സ് റീജണിൽ, ഇത്തവണയും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ വൻ ജനപങ്കാളിത്തവും ആവേശകരമായ മത്സരങ്ങളും പ്രതീക്ഷിക്കപ്പെടുന്നു.
യുക്മ ദേശീയ സെക്രട്ടറി ജയകുമാർ നായർ, വൈസ് പ്രസിഡന്റ് സിമിത തോട്ടം, വള്ളംകളി കോഓർഡിനേറ്റർ ഡിക്സ് ജോർജ് എന്നിവരുടെ പിന്തുണയോടെയും മാർഗനിർദേശത്തോടെയുമാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
റീജണൽ പ്രസിഡന്റ് അഡ്വ. ജോബി പുതുക്കുളങ്ങര, ദേശീയ എക്സിക്യൂട്ടീവ് അംഗം ജോർജ് തോമസ്, സെക്രട്ടറി ലൂയിസ് മേനാച്ചേരി, ട്രഷറർ പോൾ ജോസഫ് എന്നിവർ സംഘാടക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
റീജണൽ കലാമേള കോഓർഡിനേറ്റർ രേവതി അഭിഷേക്, ജോർജ്ജ് മാത്യു, ജോസ് തോമസ്, രാജപ്പൻ വർഗീസ്, അരുൺ ജോർജ്, സനൽ ജോസ്, ബെറ്റി തോമസ്, അനിത മധു, സോമി കുരുവിള, രാജീവ് ജോൺ, അരുൺ സെബാസ്റ്റ്യൻ, ആനി കുര്യൻ എന്നിവരുൾപ്പെടുന്ന സമിതിയാണ് മുന്നൊരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
സ്റ്റേജ് മാനേജ്മെന്റിന് ജിനു സെബാസ്റ്റ്യൻ നേതൃത്വം നൽകും. മത്സരാർഥികളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനായി യുകെയിലെ ഐടി കമ്പനിയായ ജെഎംപി സോഫ്റ്റ്വെയർ വികസിപ്പിച്ച ഡിജിറ്റൽ സംവിധാനമാണ് ഉപയോഗിക്കുന്നത്.
രാവിലെ ഒമ്പത് മുതൽ രാത്രിഒമ്പത് വരെ അഞ്ച് വേദികളിലായി കലാമേള തുടർച്ചയായി നടക്കും. കലാമേളയുടെ വിജയത്തിനായി യുക്മ അംഗ അസോസിയേഷനുകളുടെ പ്രസിഡന്റുമാരും സെക്രട്ടറിമാരും യുക്മ പ്രതിനിധികളും യുക്മ മിഡ്ലൻഡ്സിന് പൂർണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
കലാമേള വേദി: Cardinal Wiseman Catholic School Potters Green, Coventry CV2 2AJ.