പാലാ: സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ആൻഡ് ടെക്നോളജി 25-ാം വാര്‍ഷികത്തിന്റെ തിളക്കത്തിൽ.
നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കോളജിലെ പ്രത്യേകം തയാറാക്കിയ പന്തലിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോളജ് രക്ഷാധികാരി ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. മന്ത്രി മോന്‍സ് ജോസഫ് ജൂബിലി ലോഗോ പ്രകാശനം ചെയ്യും.
സ്ഥാപക രക്ഷാധികാരിയും പാലാ രൂപത ബിഷപ് എമെരിറ്റസുമായ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
എംഎൽഎമാരായ മാണി സി. കാപ്പൻ, എം.ജെ. സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിക്കും. ചടങ്ങിന് കോളജ് ചെയര്മാന് മോണ്‍. ഡോ. ജോസഫ് തടത്തില്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. വി.പി. ദേവസ്യ കൃതജ്ഞതയും പറയും. കോളജിന്റെ മുന്‍കാല ചെയര്മാന്മാര്, പ്രിന്‍സിപ്പല്‍മാര്‍, വൈദികര്‍, സിസ്റ്റര്മാര്, രാഷ്ട്രീയരംഗത്തെ പ്രമുഖര്‍, അക്കാദമികവിദഗ്ധന്മാര് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതനായിരിക്കും. കോളജ് ഡയറക്ടര്‍ ഫാ.ഡോ. ജയിംസ് ജോണ്‍ മംഗലത്ത്, പ്രിന്‍സിപ്പല്‍ ഡോ. വി.പി. ദേവസ്യ, ജൂബിലി പ്രോഗ്രാം ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി.പി. ജോബി, മീഡിയ ആന്‍ഡ് പബ്ലിസിറ്റി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജിനു ആന്‍ ജോര്‍ജ്, കോളജ് പിആര്‍ ഡോ. നേവി ജോര്‍ജ് എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പരിപാടികൾ വിശദീകരിച്ചു.
കാല് നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന കാമ്പസ് അക്കാദമിക മികവ്, അടിസ്ഥാന സൗകര്യങ്ങള്‍, മികച്ച പ്ലേസ്മെന്റ് എന്നിവയുടെ കാര്യത്തില്‍ കേരളത്തിലെ മുന്‍നിര എന്‍ജനീയറിംഗ് കോളജുകളിലൊന്നായി മാറിയിരിക്കുന്നു.
സാങ്കേതികവിദ്യയുടെ കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വൈവിധ്യമാര്‍ന്ന കോഴ്സുകളാണ് വിദ്യാര്‍ഥികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്. നിലവില്‍ 11 വ്യത്യസ്ത പ്രോഗ്രാമുകള്‍ കാമ്പസില്‍ ലഭ്യമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റ സയന്‍സ്, സിവില്‍ എന്‍ജിനിയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്ജിനിയറിഗ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ് (സൈബര്‍ സെക്യൂരിറ്റി), ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ്. ഇലക്ട്രോണിക്സ് ആന്‍ഡ് കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്, വര്‍ക്കിംഗ് പ്രഫഷണലുകള്‍ക്ക് വേണ്ടി ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ് എന്നിവയുള്‍പ്പടെ 10 ബ്രാഞ്ചുകളിലായി മികച്ച സാങ്കേതിക വിദ്യാഭ്യാസം നല്കുന്ന ബിടെക് പ്രോഗ്രാമുകളും അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ് ആന്‍ഡ് പ്രൊഡക്ഷന്‍ മാനേജ്മെന്റ് , കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്, സ്ട്രക്ചറല്‍ എന്‍ജിനിയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ്, വിഎല്‍എസ്ഐ ആന്‍ഡ് എംബഡഡ് സിസ്റ്റംസ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജനിയറിംഗ് എന്നീ എം ടെക്ക് പ്രോഗ്രാമുകളുമുണ്ട്.