District News
പാലാ: മീനച്ചില്‍ താലൂക്കിനു കീഴിലുള്ള പഞ്ചായത്തുകളില്‍ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുവേണ്ടി മാണി സി. കാപ്പന് എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. താലൂക്ക് ഓഫീസില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിച്ചു.
റോഡുകളുടെയും തോടിന്റെയും ഇരുവശങ്ങളിലെ കാടും ഓടകളും വൃത്തിയാക്കുന്നതിന് പിഡബ്ല്യുഡി, തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതര്‍ക്കും അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പോലീസ്, ഫയര്‍ഫോഴ്സ് എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും വൈദ്യുതി ലൈനുകളിലെ തടസം ഉടന്‍ നീക്കി അപകടങ്ങള്‍ ഒഴിവാക്കുന്നതിന് കെഎസ്ഇബിക്കും നിര്‍ദേശം നല്കി.
റവന്യു ഡിവിഷണല്‍ ഓഫീസര്‍ മുഹമ്മദ് എ. സഫീര്‍, തഹസില്‍ദാര്‍ രഞ്ജിത് ജോര്‍ജ്, എല്‍ആര്‍ തഹസില്‍ദാര്‍ പി. സുദീപ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Kerala
തൃശൂർ: നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നതോടെ തൃശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കമായി. കനത്ത ചൂടിലും പൂരവിളംബരം കാണാൻ നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. തൃശൂർ പൂരത്തിലെ സുപ്രധാനമായ ചടങ്ങുകളിലൊന്നാണിത്.
ഞായറാഴ്ചയാണ് പൂരം. മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വെടിക്കെട്ടുകൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്താനാണ് തീരുമാനം. കുടമാറ്റം 15 മിനിറ്റാക്കി ചുരുക്കി.
തുടർച്ചയായ ആറാം തവണയാണ് ശിവകുമാർ പൂരത്തിന് വിളംബരമേകുന്നത്. കൊച്ചിൻ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് എറണാകുളം ശിവകുമാർ. വെടിക്കെട്ട് ഒഴിവാക്കിയെങ്കിലും മറ്റ് ചടങ്ങുകളെല്ലാം പതിവു പോലെ നടക്കും.
കഴിഞ്ഞ ദിവസം പാറമേക്കാവ് വിഭാഗത്തിന്റെ ചമയപ്രദർശനം ആരംഭിച്ചിരുന്നു. ഇന്നാണ് തിരുവമ്പാടിയുടെ ചമയപ്രദർശനം ആരംഭിക്കുക. ഞായറാഴ്ച രാവിലെ കണിമംഗലം ശാസ്താവ് പൂരനഗരിയിൽ എത്തുന്നതോടെ നഗരം പൂരാവേശത്തിലാകും.
പൂരത്തിന് പങ്കെടുക്കാൻ തിരുവമ്പാടി വിഭാഗം രാവിലെ ഏഴരയ്ക്ക് പുറപ്പെടും. പാറമേക്കാവ് വിഭാഗം ഉച്ചയ്ക്ക് 12ന് 15 ആനകളോടെ എഴുന്നള്ളും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഇലഞ്ഞിത്തറ മേളം. ശേഷം അഞ്ചരയ്ക്ക് കുടമാറ്റം നടത്തും. രാത്രി പൂരവും തിങ്കളാഴ്ച പകൽപ്പൂരവും കഴിഞ്ഞ ശേഷം ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരത്തിന് സമാപനമാകും.
Kerala
പാലക്കാട്: ഒറ്റപ്പാലം നിയമസഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി. ചുവെരഴുതിയാണ് പ്രചാരണത്തിന് തുടക്കമിട്ടത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഇവിടെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും സംവിധായകൻ മേജർ രവിയെ സ്ഥാനാർഥിയാക്കാൻ ധാരണയായതാണ് വിവരം.
രാഷ്ട്രീയ യുദ്ധത്തിന് ഇറങ്ങുകയാണോ എന്ന് ചോദിച്ചപ്പോൾ 'എന്നെ കുറിച്ച് എപ്പോൾ പറയണം എങ്കിലും നിങ്ങൾക്ക് യുദ്ധം വേണമല്ലേ' എന്നായിരുന്നു മേജർ രവിയുടെ പ്രതികരണം. പ്രചാരണത്തിന് ഇറങ്ങി എന്നത് ശരിയാണെന്ന് മേജർ രവി വ്യക്തമാക്കി. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നതു വരെ തനിക്ക് സ്ഥാനാർഥിത്വം സംബന്ധിച്ച ചോദ്യങ്ങൾക്ക് സ്ഥിരീകരണം നൽകാനാവില്ലെന്നും മേജർ രവി പറഞ്ഞു.
ഒറ്റപ്പാലം സമാധാനമുള്ള മതസൗഹാർദം നിലനിൽക്കുന്ന വയലൻസ് ഇല്ലാത്ത പ്രദേശമാണെന്ന് മേജർ രവി പറഞ്ഞു. താനൊരു പച്ച വള്ളുവനാടൻകാരനാണ്. 'കുട്ട്യേ എവിടെപ്പോയി, കുട്ട്യേ കാണാനില്ലല്ലോ' എന്നെല്ലാം ഇവിടത്തെ അമ്മമാർ പറയുന്നതു കേൾക്കുമ്പോൾ ആ ഭാഷയിൽ തന്നെയുണ്ടൊരു ഭംഗിയെന്ന് മേജർ രവി പറഞ്ഞു. തന്റെ വോട്ട് ഇപ്പോൾ എറണാകുളത്താണ്. അത് ഇങ്ങോട്ട് മാറ്റാൻ അപേക്ഷ കൊടുത്തിട്ടുണ്ടെന്നും മേജർ രവി പറഞ്ഞു.
Kerala
കൊച്ചി: എറണാകുളം ഞാറയ്ക്കലില്‍ മരിച്ച പതിനേഴുകാരന് ഓണ്‍ലൈന്‍ ഗെയിമിന് അഡിക്ട് ആണെന്ന നിഗമനത്തില്‍ പോലീസ്. ടര്‍ഫില്‍ കളിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ അര്ജുന് കുമാറിനെ വെള്ളിയാഴ്ചയാണ് എളങ്കുന്നപ്പുഴ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗെയിം ടാസ്ക്കിന്റെ ഭാഗമായാണോ കുട്ടി കടലില്‍ ചാടി മരിച്ചതെന്ന് പോലീസ് പരിശോധിക്കും.
കുട്ടി സ്ഥിരമായി ഫ്രീ ഫയര്‍ എന്ന ഗെയിം കളിക്കാറുണ്ടെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കിയിരുന്നു. ഗെയിം അഡിക്ഷന് ആത്മഹത്യയിലേക്ക് നയിച്ചോ എന്ന അന്വേഷണത്തിലാണ് പോലീസ്. എറണാകുളം ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഇതിന് ശേഷം മാത്രമേ ആത്മഹത്യയാണോയെന്ന് സ്ഥിരീകരിക്കാനാവുകയുള്ളു.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് അര്ജുന് വീട്ടില്‍ നിന്നും ഇറങ്ങിയത്. വൈകുന്നേരമായിട്ടും കുട്ടിയെ കാണാതായതോടെ അര്‍ജുന്റെ പിതാവ് ഞാറയ്ക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടി ചാപ്പ ബീച്ചിലൂടെ തനിയെ നടന്നു പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി. വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
National
ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം ആരംഭിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രാവിലെ 11ന് തന്നെ ബജറ്റ് അവതരണം തുടങ്ങി. തുടർച്ചയായ ഒമ്പതാം ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്.
രാജ്യത്തിന്റേത് സ്ഥിരതയുള്ള വളര്‍ച്ചയാണെന്ന് പറഞ്ഞാണ് കേന്ദ്ര ധനമന്ത്രി ബജറ്റ് ആരംഭിച്ചത്. സമ്പദ് വ്യവസ്ഥയെ പിടിച്ചു നിര്‍ത്താനുള്ള ക്രിയാത്മക നടപടികള്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചുവെന്നും നിർമല പറഞ്ഞു. ഏഴു ശതമാനം വളര്‍ച്ച ദാരിദ്ര്യ നിര്‍മാര്‍ജനത്തിലടക്കം വലിയ പങ്കുവഹിച്ചുവെന്നും നിർമല അവകാശപ്പെട്ടു.
ഇത് യുവശക്തി ബജറ്റാണെന്നും നിർമല സീതാരാമൻ പറഞ്ഞു. കര്‍ത്തവ്യപഥിൽ തയ്യാറാക്കിയ ആദ്യ ബജറ്റാണെന്നും ഉത്പാദനം വര്‍ധിപ്പിച്ച് സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയാണ് ഈ ബജറ്റിന്റെ ആദ്യ കര്‍ത്തവ്യമെന്നും ധനമന്ത്രി വ്യക്തമാക്കി.
എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനമാണ് ഈ ബജറ്റിന്റെ കര്‍ത്തവ്യമെന്നും ധനമന്ത്രി പറഞ്ഞു. തൊഴിൽ അവസരങ്ങൾ വർധിപ്പിച്ചുവെന്നും ലേബർ കോഡ് അടക്കം 300ലധികം പരിഷ്കാരങ്ങൾ നടപ്പാക്കിയെന്നും നിർമല സീതാരാമൻ പറഞ്ഞു. ആഭ്യന്തര ഉത്പാദനവും തൊഴിലവസരവും വർധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.
Kerala
ആലപ്പുഴ: കാർത്തികപള്ളിയിൽ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുടെ ബാഗിൽ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി. വിദ്യാർഥികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ സ്കൂള്‍ അധികൃതര്‍ സ്കൂളിൽ വച്ച് ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.
കൈത്തോക്കിൽ ഉപയോഗിക്കുന്ന രണ്ട് റൗണ്ട് ബുള്ളറ്റുകളാണ് കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പോലീസിൽ വിവരം അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
ട്യൂഷന് പോയപ്പോള്‍ സമീപത്തെ പറമ്പിൽ നിന്ന് വെടിയുണ്ടകള്‍ വീണുകിട്ടിയതാണെന്നാണ് വിദ്യാര്‍ഥി നൽകിയ മൊഴി. സ്കൂളിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ ബാഗുകള്‍ വെടിയുണ്ടകള്‍ പോലീസിന് കൈമാറിയിട്ടുണ്ട്.
വെടിയുണ്ടകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു. വിദ്യാര്‍ഥികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ ഇടവേള സമയങ്ങളിൽ കുട്ടികളുടെ ബാഗുകള്‍ സ്കൂളിൽ വെച്ച് പരിശോധിക്കാറുണ്ടെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.